നമ്മള്‍ വീണ്ടും ഉയരും!! നിതാന്ത ജാഗ്രതയോടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടും: സോണിയഗാന്ധി

Jaihind Webdesk
Saturday, June 1, 2019

പാര്‍ലമെന്ററി പാര്‍ട്ടി ആധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സോണിയാ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

17ാം ലോക്‌സഭയിലെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലേക്ക് ഏവര്‍ക്കും സ്വഗതം.. നമ്മുടെ പ്രവര്‍ത്തന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടവരാണ് നിങ്ങള്‍. പൊതു അഭിപ്രായത്തെ വളച്ചുകെട്ടിയും കുടിലമായ ആശയ പ്രചാരണങ്ങള്‍ വഴിയും നമ്മള്‍ക്കെതിരെ എതിരാളികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചവരാണ് നിങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളെയും നിലപാടുകളെയും ഉയര്‍ത്തിപ്പിടിച്ചു പോരാടിയതിന് ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുകയാണ്.
നമ്മുടെ കാര്യകര്‍ത്താക്കളാണ് നമ്മുടെ മുന്‍നിര പോരാളികള്‍. അവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച രാജ്യത്തിനുവേണ്ടി രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും അവര്‍ വ്യാപക പ്രചാരണം നടത്തി. ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വ്യാപക വിദ്വേഷ ആക്രമണങ്ങളെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ തരണം ചെയ്തതിന് നന്ദി അറിയിക്കുന്നു. കാര്യകര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് 12.3 കോടി ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവരുടെ വിശ്വാസം അര്‍പ്പിക്കുന്നതിലേക്ക് നയിച്ചത്.

12.3 കോടി വോട്ടര്‍മാരോട് ഓരോരുത്തരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. നിങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ വോട്ട് ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി നല്‍കിയതാണ്. ആ വോട്ടുകള്‍ സാമൂഹിക, സാമ്പത്തിക ഉന്നതിക്കായി നല്‍കിയതാണ്, ആ വോട്ടുകള്‍ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കുവേണ്ടിയും ഉള്ളതായിരുന്നു.

ധീരവും കഠിനവുമായ പ്രചാരണത്തിന് നേതൃത്വം വഹിച്ച രാഹുല്‍ഗാന്ധിക്കും ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം രാപ്പകലുകളില്ലാതെ തന്റെ അധ്വാനം പാര്‍ട്ടിക്കുവേണ്ടി നല്‍കി. മോദി സര്‍ക്കാരിനെതിരെ സധൈര്യമേറിയ നേതൃപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കര്‍ഷകരോട്, തൊഴിലാളികളോട്, ചെറുകിട വ്യവസായികളോടും വ്യാപാരികളോടും, യുവാക്കളോട്, സ്ത്രീകള്‍ക്കെതിരെയും അരികുവത്കരിക്കപ്പെട്ട ജനതക്കെതിരെയും മോദി സര്‍ക്കാര്‍ കാട്ടിയ അനീതികളെ തുറന്നുകാട്ടുന്നതില്‍ രാഹുല്‍ഗാന്ധി മുന്നില്‍ നിന്നു.

നമ്മള്‍ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ പോരായ്മകളെയും നമ്മള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുകയും നമ്മള്‍ മുന്നോട്ടുപോകേണ്ടുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
കഴിഞ്ഞ ലോക്‌സഭയില്‍ നമ്മള്‍ വെറും 44 ലോക്‌സഭാ അംഗങ്ങളും 55 രാജ്യസഭാ അംഗങ്ങളും ആയിരുന്നിട്ടും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ ധൈര്യപൂര്‍വ്വം എതിര്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്തിരുന്നു. അവര്‍ ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളെയും ഞാന്‍ നന്ദി അറിയിക്കുന്നു. യു.പി.എ സര്‍ക്കാരിന്റെ ചരിത്ര നടപടികളെ അവമതിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നമ്മള്‍ പോരാടി. അതേസമയം, സര്‍ക്കാരിന്റെ പുരോഗമനപരമായ ഏതാനും നീക്കങ്ങള്‍ക്ക് വസ്തുതാപരമായ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഇത്തവണയും അങ്ങനെ തന്നെ. സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളെ പിന്തുണയ്ക്കുകയും സമൂഹത്തെ തകര്‍ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുകയും ചെയ്യും.

രാജ്യസഭയിലെ നമ്മുടെ അംഗബലം വെല്ലുവിളിയിലാണെന്നത് ഓര്‍ക്കുക. ആയതിനാല്‍ ഒരേ ചിന്താധാരയിലുള്ള പാര്‍ട്ടികളുമായുള്ള സഹകരണവും ഏകോപനവും പ്രധാനമാണ്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വിഷയങ്ങള്‍ പാര്‍ലമെന്റില്‍ മുഴങ്ങപ്പെടണം.
ശക്തമായ ഒരു പ്രതിപക്ഷമെന്ന നിലയില്‍ സാധാരണക്കാരുടെ നാഡിമിടിപ്പുകള്‍ അറിയുകയും അവര്‍ക്കുവേണ്ടിയുള്ള അജണ്ടകള്‍ നിര്‍മ്മിച്ച് പാര്‍ലമെന്റില്‍ ഉയര്‍ത്തുകയും ചെയ്യും. പാര്‍ലമെന്ററി കാര്യ കൂട്ടായ്മകളിലൂടെയും സ്റ്റാന്റിങ് കമ്മിറ്റികളിലൂടെയും ഇതിന്റെ ഏകോപനവും നേതൃത്വവും വഹിക്കേണ്ടതുണ്ട്.

നമ്മള്‍ ജാഗ്രതക്കുറവുണ്ടാക്കരുത്.. സര്‍ക്കാര്‍ അവരുടെ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കുന്നുണ്ടോ എന്ന നിതാന്ത നിരീക്ഷണം പുലര്‍ത്തും. വ്യാജമായ രേഖകളിലൂടെയാണ് ഇപ്പോള്‍ രാജ്യപുരോഗതി വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സത്യം കൊണ്ടായിരിക്കണം പുരോഗതി വിലയിരുത്തപ്പെടേണ്ടത്. സത്യത്തിനും സുതാര്യതയ്ക്കും വേണ്ടി നമ്മള്‍ പോരാടും.
ജാഗരൂഗരായ ഉത്തരവാദിത്തപൂര്‍ണ്ണമായ ഒരു പ്രതിപക്ഷമാകുകവഴി നമ്മള്‍ ഭരണഘടനയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും എന്നും ഉറപ്പ് നല്‍കുക. പാര്‍ലെന്റില്‍ സര്‍ക്കാരിനെ നമ്മള്‍ അക്കൗണ്ടബിളാക്കും. പാര്‍ലമെന്റിലും സമൂഹത്തിലും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം നമ്മള്‍ നയിക്കും.
അപ്രതീക്ഷമായ വെല്ലുവിളികളില്‍ ഒളിഞ്ഞിരിക്കുന്നത് അപ്രതീക്ഷിതമായ അവസരങ്ങളും കൂടിയാണ്. ഈ അവസരം നമ്മള്‍ വിനയും ആത്മവിശ്വാസവും വളര്‍ത്താന്‍ ഉപയോഗിക്കുക. നമ്മള്‍ നേരിട്ട പരാജയത്തില്‍ നിന്ന് ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. സ്വയം പുതുക്കലിലൂടെയും നവവീര്യത്തോടെയും നമ്മള്‍ രാജ്യത്തെ ജനങ്ങളുടെ വിധിനിര്‍ണ്ണയത്തെ മാനിക്കുക. ഇപ്പോഴുള്ള അപ്രതീക്ഷിത വെല്ലുവിളികളില്‍ നിന്ന് നാം മുന്നോട്ടുപോകും… നാം വീണ്ടും ഉയരും…

ജയ്ഹിന്ദ്