തമിഴ് സംസ്‌കാരത്തിനെതിരായ മോദിയുടെ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കും : രാഹുല്‍ ഗാന്ധി ; കോയമ്പത്തൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ

Jaihind News Bureau
Saturday, January 23, 2021

 

ചെന്നൈ : പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.  എല്ലാവരെയും തന്‍റെ വരുതിയിലാക്കാനാണ് മോദി ശ്രമിക്കുന്നത്. തമിഴ് സംസ്‌കാരത്തോട് പ്രധാനമന്ത്രിക്ക് ബഹുമാനമില്ല. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോയമ്പത്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നില്ല. അഞ്ചോ ആറോ വ്യവസായികളെ സഹായിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു ഭാഷ, ഒരു സംസ്​കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ്​ ഇപ്പോഴത്തെ ശ്രമം. അതിനെതിരായാണ്​ നമ്മുടെ പോരാട്ടം.  തമിഴ് ജനതയും ഭാഷയും സംസ്‌കാരവും മോദിയുടെ ആശയങ്ങള്‍ക്കും സംസ്‌കാരത്തിനും പാദസേവ ചെയ്യണമെന്നാണ് അദ്ദേഹം കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിരവധി സംസ്‌കാരങ്ങളും ഭാഷകളുമുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളുള്‍പ്പടെ എല്ലാ ഭാഷകള്‍ക്കും ഇടമുണ്ടെന്നും നാം വിശ്വസിക്കുന്നു. എന്നാല്‍ നരേന്ദ്ര മോദിക്ക് തമിഴ്നാട്ടിലെ ജനതയോടും സംസ്‌കാരത്തോടും ഭാഷയോടും ബഹുമാനമില്ല. തമിഴ് ജനതയും ഭാഷയും സംസ്‌കാരവും മോദിയുടെ ആശയങ്ങള്‍ക്കും സംസ്‌കാരത്തിനും പാദസേവ ചെയ്യണമെന്നാണ് അദ്ദേഹം കരുതുന്നത്’ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങളെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കുത്തക മുതലാളിമാരുടെ താല്‍പര്യ സംരക്ഷണത്തിനായി കര്‍ഷകരുടെ കഷ്ടതയെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തെങ്കിലും സ്വാര്‍ത്ഥ താല്പര്യത്തോടുകൂടിയല്ല താന്‍ തമിഴ് നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നത്. തിരുപ്പൂര്‍, ഈറോഡ്, കാരൂര്‍ എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.