വയനാട് CRIF റോഡ്; സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി ഇനിയും വൈകിപ്പിക്കരുത്; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, February 4, 2023

കല്‍പ്പറ്റ:വയനാട് പാര്‍ലമെന്‍റ്  മണ്ഡലത്തിന് അനുവദിച്ച 145 കോടി രൂപയുടെ സി ആര്‍ ഐ എഫ് റോഡ് നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ഇനിയും വൈകിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാഹുല്‍ഗാന്ധി   മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് (CRIF) കീഴില്‍ വയനാട് പാര്‍ലമെന്‍റ്  മണ്ഡലത്തില്‍
2022-2023 കാലയളവില്‍ ഏറ്റെടുക്കേണ്ട 15 പ്രവൃത്തികളുടെ പട്ടികഉള്‍പ്പെടുത്തി 2022 മെയ് 19-ന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ വകുപ്പ് മന്ത്രിക്ക് രാഹുല്‍ ഗാന്ധി എം പി കത്ത് അയച്ചിരുന്നു. അതുപ്രകാരം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2022 ജൂലൈ 20 നു കേരള സര്‍ക്കാരിന് 2022-ലെ CRIF പദ്ധതി പ്രകാരം 506.14 കോടി രൂപയുടെ 30 റോഡുകള്‍ കേരളത്തിന് അനുവദിച്ചപ്പോള്‍ അതില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 145 കോടി രൂപയുടെ റോഡുകള്‍ ഉള്‍പ്പെടുത്തുകയും ആക്കാര്യം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി 2022 ജൂലൈ 21-നു രാഹുല്‍ ഗാന്ധി എം പി യെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

‘മേല്‍പ്പറഞ്ഞ പ്രവര്‍ത്തികള്‍ അനുവദിച്ചത് സംബന്ധിച്ച വാര്‍ത്ത വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്ടത്. ഇത് മെച്ചപ്പെട്ട റോഡുകള്‍ക്കായുള്ള അവരുടെ കാത്തിരിപ്പിന്‍റെ അവസാനം മാത്രമല്ല ഈ മേഖലയിലെ കണക്റ്റിവിറ്റിക്ക് സുപ്രധാനമായ നേട്ടവും ആണ്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഈ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. ഈ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള അതിരുകവിഞ്ഞ കാലതാമസം എന്റെ മണ്ഡലത്തിലെ ജനങ്ങളോടുള്ള അവഗണനയാണ്. വരുന്ന ജൂണില്‍ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ റോഡിന്റെ നിര്‍മാണം ഇനിയും വൈകാന്‍ കാരണമാകും. പ്രവര്‍ത്തികള്‍ അകാരണമായി വൈകുന്നത് പൊതുജനങ്ങള്‍ക്ക് കാര്യമായ അസൗകര്യം ഉണ്ടാക്കുന്നു. ആയതിനാല്‍ വിഷയം പരിശോധിച്ച് എത്രയും വേഗം ഭരണാനുമതി നല്‍ക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന്’ രാഹുല്‍ ഗാന്ധി എം പി കത്തില്‍ കുറിച്ചു.