കൊവിഡ് കാലത്ത് ബാര്‍ ലൈസന്‍സ്; വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി അനുമതി നല്‍കി സര്‍ക്കാര്‍

Jaihind News Bureau
Tuesday, April 21, 2020

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ സംസ്ഥാനത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി സര്‍ക്കാര്‍. വയനാട് ജില്ലയില്‍ മൂന്ന് ബാറുകള്‍ക്ക്  അനുമതി നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും കല്‍പ്പറ്റയില്‍ ഒരു ബാറിനുമാണ് ലൈസന്‍സ് നല്‍കിയത്. മൂന്ന് ബാറുകളും ലോക്ഡൗണിന് ശേഷം വയനാട്ടിലെ മറ്റ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തുറന്നുപ്രവര്‍ത്തിക്കും.

അതേസമയം വയനാടിന് പുറമേ മറ്റ് പല ജില്ലകളിലും വന്‍തോതില്‍ പുതിയ ബാറുകള്‍ക്ക് രഹസ്യമായി അനുമതി നല്‍കിയിരിക്കുകയാണ്. നേരത്തെ ബാറുകള്‍ക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കുകയും എന്നാല്‍ ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കാതെ മാറ്റിവെക്കുകയും ചെയ്ത അപേക്ഷകള്‍ക്കാണ് വേഗത്തില്‍ ഇപ്പോള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

അതേസമയം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും വയനാട്ടില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് യൂത്ത് കോണ്‍ഗ്രസ്. മദ്യ മുതലാളിമാരെ സഹായിക്കുന്നതിനും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുമാണ് ലോക്ഡൗണിനിടയിലും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.