രാഹുല്‍ ഗാന്ധിക്ക് ആവേശ വരവേല്‍പ് നല്‍കാനൊരുങ്ങി വണ്ടൂര്‍

Jaihind Webdesk
Wednesday, April 17, 2019

 

Rahul-Gandhi

നെഹ്റു കുടുംബത്തിലെ അംഗം ആദ്യമായി വണ്ടൂരിലെത്തുന്നതിന്‍റെ ആവേശത്തിലാണ് വണ്ടൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് രാഹുൽ ഗാന്ധി വണ്ടൂരിൽ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിനെത്തുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട് പാർലമെന്‍റ് മണ്ഡലത്തിന്‍റെ ഭാഗമായ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രചാരണത്തിനെത്തുകയാണ്. ബൈപാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. തിരുവമ്പാടിയിൽ നിന്നും ഉച്ചയ്ക്ക് ശേഷം ഹെലികോപ്ടറിലായിരിക്കും രാഹുല്‍ ഗാന്ധി വണ്ടൂരിലെത്തുക. നെഹ്റു കുടുബത്തിലെ ഒരംഗം ആദ്യമായിട്ടാണ് വണ്ടൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിലമ്പൂരിൽ പരിപാടിയിൽ പങ്കെടുക്കാൻ വണ്ടൂർ വഴി റോഡ് മാർഗം യാത്ര ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വണ്ടൂരിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. എസ്.പി.ജിയുടെ നേതൃത്വത്തിൽ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ വലിയ ആവേശത്തിലാണ് വണ്ടൂരിലെ ജനങ്ങൾ.