വാളയാർ കേസ് അട്ടിമറി : തല മുണ്ഡനം ചെയ്ത് കേരളയാത്ര നടത്തുമെന്ന് പെണ്‍കുട്ടികളുടെ അമ്മ ; സർക്കാരിനെതിരെ പ്രതിഷേധം

Jaihind News Bureau
Wednesday, February 10, 2021

 

പാലക്കാട് : വാളയാര്‍ കേസ് അട്ടിമറിച്ച പൊലീസുകാരെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ സമരത്തിനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡിവൈഎസ്പി സോജനും എസ്.ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കേരളയാത്ര നടത്താനാണ് തീരുമാനം.

പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി വീണ്ടും വൈകിപ്പിക്കുകയാണെങ്കില്‍  പ്രതിഷേധവുമായി നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തങ്ങളുടെ സങ്കടം ജനം ഏറ്റെടുക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.

കുട്ടികളെ കുറിച്ച് മോശമായി സംസാരിച്ച ഡിവൈഎസ്പി സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. അട്ടിമറിക്ക് കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരള യാത്രയുമായി സർക്കാരിനെ പ്രതിഷേധം അറിയിക്കാനാണ് പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം.