വിഴിഞ്ഞം കനത്ത സുരക്ഷാവലയത്തില്‍: പ്രത്യേക പോലീസ് സംഘം; ആർ നിശാന്തിനിക്ക് ചുമതല

Jaihind Webdesk
Tuesday, November 29, 2022

 

തിരുവനന്തപുരം: സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത്  ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിക്കാണ് ചുമതല. എസ്പിമാരും, ഡിവൈ എസ്പിമാരും, സിഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം. ശക്തമായ പോലീസ് സുരക്ഷയിലാണ് വിഴിഞ്ഞം പ്രദേശം.

വിവിധ ക്യാമ്പുകളില്‍ നിന്നായി അധികമായി പോലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിച്ചിട്ടുണ്ട്. ശബരിമല സന്നിധാനത്ത് അഡീഷണല്‍ ഡ്യൂട്ടിലിലുണ്ടായിരുന്ന പോലീസുകാരോടും ഉടന്‍ വിഴിഞ്ഞത്തെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെയെല്ലാം ഏകോപന ചുമതല സ്പെഷ്യല്‍ പോലീസ് ഓഫീസർ ആർ നിശാന്തിനിനിക്കായിരിക്കും.

വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂവായിരത്തോളം  പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷം മാത്രം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്.