വിഴിഞ്ഞം സമരം : പതിനൊന്നാം ദിവസവും പ്രതിഷേധം ശക്തം

Jaihind Webdesk
Friday, August 26, 2022

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന്റെ പതിനൊന്നാം ദിവസമായ ഇന്നും സമരത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്. പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡൊമിനിക് വെട്ടുകാട് ഫെറോനകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇന്ന് സമരത്തിന് എത്തിയത്. സമരത്തിന് പിന്തുണ അറിയിച്ച് ധീവരസഭയും എത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ ഇന്നും പോലീസ് ബാരിക്കേട് മറിച്ചിട്ട് പദ്ധതി പ്രദേശത്ത് കയറി പ്രതിഷേധിച്ചു. സമരക്കാർ ബാരിക്കേഡ് മറിച്ചിടുന്നതിനിടെ സുരക്ഷയ്ക്കായി നിന്ന രണ്ട് പോലീസുകാർക്ക് പരിക്കുപറ്റി.

വിഴിഞ്ഞം സമരക്കാരുടെ വിഷയത്തിൽ സർക്കാരിന്റെ സമീപനം തെറ്റാണെന്ന് ലത്തീൻ അതിരൂപതയും വ്യക്തമാക്കി. സർക്കാർ നിലപാട് തിരുത്തി പുനപരിശോധിക്കണമെന്നാണ് സഭയുടെ ആവശ്യം.

അതേസമയം സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ കയറി ജോലി തടസപെടുത്തുകയാണന്നു കരാർ കമ്പനി അറിയിച്ചതിനെ തുടർന്ന് പദ്ധതിപ്രദേശത്ത് സുരക്ഷ നൽകാൻ ഹൈകോടതി ഉത്തരവിട്ടു . കേന്ദ്രസേന വേണ്ടെന്ന് സംസ്ഥാന സർക്കാർ നിലപാട് എടുത്തെങ്കിലും സുരക്ഷാ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ടന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം . കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പതിനൊന്ന് ബസുകളിലായി ആയിരത്തോളം പൊലീസുകാരെയാണ് തുറമുഖത്തിന് സമീപം വിന്യസിച്ചിട്ടുള്ളത്.