കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പരിശോധന; ഇടപ്പള്ളിയിലെ ലാബ് പൂട്ടിച്ചു

Jaihind Webdesk
Wednesday, September 8, 2021

 

കൊച്ചി : അനധികൃതമായി കൊവിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് പൂട്ടിച്ചു. ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെൻ്ററാണ് പൂട്ടിച്ചത്. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ ലാബ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കൊവിഡ് പരിശോധന നടത്തുന്നതിന് ലൈസൻസോ ഐസിഎംആർ അപ്രൂവലോ ഇല്ല. ഇവിടുത്തെ ജീവനക്കാർ ഒരേ പിപിഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവർത്തിച്ചിരുന്നത്. കൂടാതെ കൊവിഡ് പരിശോധനാ ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നുമില്ല. ഇതിനാല്‍ ജില്ലയിലെ കൊവിഡ് കണക്കുകൾ ഏകീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.