‘വിജിലന്‍സാണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെ, സരിത്തിനെ കൊണ്ടുപോയത് ഒരു നോട്ടീസും നല്‍കാതെ’; പൊട്ടിത്തെറിച്ച് സ്വപ്നാ സുരേഷ്

Jaihind Webdesk
Wednesday, June 8, 2022

പാലക്കാട്: സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് എന്ന സൂചനയ്ക്ക് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി സ്വപ്നാ സുരേഷ്. ലൈഫ് മിഷന്‍ കേസിലാണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് എം ശിവശങ്കറിനെയാണെന്ന് സ്വപ്ന പ്രതികരിച്ചു.

”ആദ്യം ശിവശങ്കറിനെ കൊണ്ടുപോകണം… പിന്നീട് ആറാം പ്രതിയായ സ്വപ്നാ സുരേഷിനെ കൊണ്ടുപോകണം… ഏഴാം പ്രതിയായ സരിത്തിനെ എങ്ങനെ കൊണ്ടുപോകാന്‍ കഴിയും? എന്തുകൊണ്ട് ഇന്ന് രാവിലെ സരിത്തിനെ കസ്റ്റഡിയിലെടുത്തു? ഒരു നോട്ടീസും നല്‍കാതെ സരിത്തിനെ എങ്ങനെ കൊണ്ടുപോകാന്‍ കഴിയും? ലൈഫ് മിഷന്‍ കേസാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. എന്തുകൊണ്ട് വീട്ടിലുള്ളവരെ അറിയിക്കാന്‍ സമ്മതിച്ചില്ല? എന്തിന് തട്ടിക്കൊണ്ടുപോയി? എന്തിന് മൊബൈല്‍ സ്വിച്ചോഫ് ചെയ്തു? അപ്പോള്‍ വിജിലന്‍സിലിരിക്കുന്നവർ ആരു പറയുന്നതാണ്അനുസരിക്കുന്നത്?” – സ്വപ്നാ സുരേഷ് ചോദിച്ചു.

സരിത്തിന്‍റെ മൊബൈലില്‍ വിളിച്ചെങ്കിലും എടുക്കാന്‍ അനുവദിച്ചില്ലെന്നും പിന്നീട് മൊബൈല്‍ ഓഫാണെന്നും സ്വപ്ന പറഞ്ഞു. പാലക്കാട്ടെ ഫ്ലാറ്റിലെത്തിയ നാലംഗ സംഘം സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ഇത് വിജിലന്‍സാണെന്ന് സൂചന ലഭിക്കുകയായിരുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന ആവർത്തിച്ചു.