നാട്ടില്‍ പോകാന്‍ അനുമതിയില്ല : ഗര്‍ഭിണിയായ മലയാളി യുവതിയുടെ വീഡിയോ വൈറല്‍ ; സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ‘യൂത്ത് വിങ്’ കൂട്ടായ്മ #വീഡിയോ

Jaihind News Bureau
Thursday, April 23, 2020

ദുബായ് : പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര  സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും അടിയന്ത നടപടി ആവശ്യപ്പെട്ട്, യുഎഇയിലെ ഇന്‍കാസ് യൂത്ത് വിങ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആതിര എന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് ഇന്‍കാസ് യൂത്ത് വിങ് ഈ വ്യത്യസ്തമായ നടപടി സ്വീകരിച്ചത്. അഡ്വ. വീരേന്ദ്ര വാസിത്, അഭിഷേക് ഗൗതം എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.

ഗര്‍ഭിണിയായ താന്‍ നാട്ടിലേയ്ക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും കോവിഡ് കാരണം വിമാന സര്‍വീസ് നിലച്ചതിനാല്‍ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള കോഴിക്കോട് സ്വദേശിനി ആതിരയുടെ അഭ്യര്‍ഥനയും കേസ് ഫയല്‍ ചെയ്യാന്‍ യൂത്ത് വിങ്ങിനെ പ്രേരിപ്പിച്ചു. മാതാപിതാക്കളെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും എന്നെ പോലെ ഒരുപാട് ഗര്‍ഭിണികള്‍ നാട്ടിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണെന്നും ആതിര വീഡിയോയില്‍ പറയുന്നുണ്ട്. അതിനാല്‍, അടിയന്തര നടപടി സ്വീകരിക്കണമെന്നും ആതിര ആവശ്യപ്പെടുന്നു. കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്‍റേതാണ് ഈ വാക്കുകള്‍ ഇതോടെ ലോകം മുഴുവന്‍ ശ്രവിച്ചു. സ്വന്തം മാതൃ രാജ്യത്തേക്ക് പോകാനുള്ള അനുമതി നിഷേധിക്കപ്പെട്ട പ്രവാസികളില്‍ ഒരാള്‍ കൂടിയാണ് ആതിര.

ആതിരയെ പോലെ ഒത്തിരി ഗര്‍ഭിണികളും രോഗികളും വയോധികരും കുട്ടികളും സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവരും, ജോലി ഇല്ലാത്തവരും ഇതുപോലെ കഷട്‌പ്പെടുകയാണെന്ന് ഇന്‍കാസ് യൂത്ത് വിങ് യുഎഇ പ്രസിഡന്‍റ് ഹൈദര്‍ തട്ടത്താഴത്ത്, ദുബായില്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേര്‍ ഇന്ത്യയിലേയ്ക്ക് പോകാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി കൂടിയാണ് ആതിരയുടെ പേരില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹൈദര്‍ പറഞ്ഞു.

ഭര്‍ത്താവ് നിതിന്‍ ചന്ദ്രനോടൊപ്പം ദുബായില്‍ താമസിക്കുന്ന ആതിര ജൂലൈ ആദ്യവാരം ഒരു കുഞ്ഞിന് ജന്മം നല്‍കാനിരിക്കുകയാണ്. നാട്ടില്‍ പോയി കുടുംബത്തിനൊപ്പം ചേര്‍ന്ന് സുഖ പ്രസവമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, കോവിഡ് എല്ലാ തീരുമാനങ്ങളും തകിടം മറിച്ചിരിക്കുകയാണ്. ഏഴ് മാസം കഴിഞ്ഞാല്‍ വിമാന യാത്ര അനുവദനീയമല്ലാത്തതിനാല്‍ തന്നെപ്പോലുള്ള ഗര്‍ഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് ആതിരയുടെ ആവശ്യം. ദുബായിലെ കെട്ടിട നിര്‍മാണ കമ്പനിയില്‍ ഉദ്യോഗസ്ഥനായ നിതിന്‍ ചന്ദ്രന്‍ ഇക്കാര്യത്തില്‍ നിസ്സഹായനാണ്. ഇവിടെ പ്രസവം നടത്തുകയാണെങ്കില്‍ വന്‍ തുക ചെലവാകുമെന്നതിനാലാണ് ഭാര്യയെ നാട്ടിലേയ്ക്ക്  അയക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, ആദ്യ പ്രസവമായതിനാല്‍ ബന്ധുക്കളുടെ പരിചരണം ആവശ്യമുള്ളതിനാല്‍ നാട്ടിലേയ്ക്കുള്ള യാത്ര അനിവാര്യമാണ്. എന്നാല്‍, കേന്ദ്ര ഗവണ്‍മെന്റും സിവില്‍ വ്യോമയാന വകുപ്പും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ആതിരയെ പോലെ നിരവധി പ്രവാസികളാണ് വിവിധ വിഷയങ്ങളിലായി ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്ന് യൂത്ത് വിംങ്ങ് ജനറല്‍ സെക്രട്ടറി ജിജോ ചിറക്കല്‍, സനീഷ് കുമാര്‍, യൂത്ത് ഭാരവാഹികളായ ബിബിന്‍ ജേക്കപ്പ്, മിര്‍ഷാദ് നുള്ളിപ്പാടി, ഫിറോസ് കാഞ്ഞങ്ങാട് എന്നിവര്‍ പറഞ്ഞു.