കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം കമലം അന്തരിച്ചു

Jaihind News Bureau
Thursday, January 30, 2020

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു. 1982-87 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു. വനിതാ കമ്മീഷണൻ ചെയ്ർപേഴ്‌സൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ പദവികളും വഹിച്ചു. നിര്യാണത്തെ തുടർന്ന് കോഴിക്കോട് നടത്താനിരുന്ന മനുഷ്യഭൂപടം പരിപാടി മാറ്റിയതായി കെ.പി.സി.സി അറിയിച്ചു. ജില്ലയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ കോൺഗ്രസിൽ പോരാട്ടവീര്യത്തിന്റെ പെൺകരുത്തായിരുന്നു എം കമലം എന്ന നേതാവ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സ്ത്രീകൾ ഭയപ്പെട്ടു നിന്നിരുന്ന കാലത്തു പോലും സധൈര്യം തെരഞ്ഞെടുപ്പിനെ നേരിട്ടു. ആത്മവിശ്വാസവുമായി അധികാരത്തിന്റെ പടികൾ ഒന്നൊന്നായി കീഴടക്കി. 1982 മുതൽ 87 വരെ കെ കരുണാകരൻ മന്ത്രി സഭയിൽ സഹകരണ മന്ത്രിയായിരുന്നു. ഇന്ദിര ഗാന്ധിയുമായി അടുപ്പം കാത്തു സൂക്ഷിച്ച നേതാവ് കൂടിയായിരുന്നു എം കമലം.

1926 ഓഗസ്റ്റ് 14 നു കോഴിക്കോട് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എം കമലം 1946 ൽ അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാർഡിൽ വനിത സംവരണത്തിൽ മത്സരിക്കാൻ മുന്നോട്ടു വന്നു. കോൺഗ്രസ്‌ നേതാക്കൾ വീട്ടിലെത്തി കുതിരവണ്ടിയിൽ എം കമലത്തെ കൊണ്ടുപോകുമ്പോൾ ഒരു ചരിത്രമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. പിന്നീട് പടിപടിയായുള്ള വളർച്ചയുടെ നാളുകളായിരുന്നു. സികെ ഗോവിന്ദൻ നായരെയും കുട്ടിമാളു അമ്മയെയും രാഷ്ട്രീയ ഗുരുക്കളായി കണ്ടായിരുന്നു ചുവടുവെപ്പുകൾ. 1958 ൽ കണ്ണൂരിൽ നടന്ന കെപിസിസി സമ്മേളനത്തിൽ പതിനായിരക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിക്കും എം കമലം പ്രിയപ്പെട്ടതായി. തുടർന്ന് കേരളത്തിലെ മഹിളാ വിഭാഗം കൺവീനർ ആയി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തിരാവസ്ഥ കാലത്തു കളക്ടറേറ്റ് പിക്കറ്റിംഗിനെ തുടർന്ന് ജയിൽ വസമനുഷ്ഠിച്ചു. 1980 ൽ കോഴിക്കോട് നിന്നും നിയസഭയിലേക്കു മത്സരിച്ചു പരാജയപെട്ടു. തുടർന്ന് 82 ഇൽ കൽപറ്റയിൽ നിന്ന് മത്സരിച്ചു k കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി. സംഘടനാ പാടവം കൊണ്ടും പോരാട്ടവീര്യം കൊണ്ടും വനിതാ കമ്മീഷൻ ചെയർപേഴ്സൺ, കെപിസിസി വൈസ് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, എഐസിസി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ എം കമലത്തെ തേടിയെത്തി. ഭർത്താവ് പരേതനായ സാമികുട്ടി. എം യതീന്ദ്രദാസ്, പത്മജ ചാരുദതൻ, എം മുരളി, എം രാജഗോപാൽ, എം വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ

എം.കമലത്തിന്‍റെ നിര്യാണത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് ടി. സിദ്ദിഖ് അറിയിച്ചു. ജില്ലയിൽ ഇന്ന് നടത്താനിരുന്ന മനുഷ്യ ഭൂപടം പടം മാറ്റിവെച്ചു.