സി.പി.എം ആസൂത്രിത ആക്രമണം നടത്തുന്നു ; പൊലീസ് നോക്കുകുത്തിയാകുന്നുവെന്നും രമേശ് ചെന്നിത്തല | Video

Jaihind News Bureau
Tuesday, September 1, 2020

 

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ മറവില്‍ കോൺഗ്രസിന് നേരെ സി.പി.എം ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എം നിലപാട് നിരാശപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസും യു.ഡി.എഫും കൊലപാതകത്തെ ന്യായീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല. കൊലപാതകത്തിൽ യു.ഡി.എഫ് പ്രവർത്തകർക്കോ കോൺഗ്രസ് പ്രവർത്തകർക്കോ പങ്കില്ല. കുറ്റം ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം പൊലീസിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊലപാതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം സംസ്ഥാനത്ത് അക്രമപരമ്പര സൃഷ്ടിച്ച് അഴിഞ്ഞാടുകയാണ്.

കൊലപാതകത്തിന്‍റെ പേരില്‍ സംസ്ഥാനമൊട്ടാകെ കോൺഗ്രസ് ഓഫീസുകളും കൊടികളും സ്തൂപങ്ങള്‍ക്കും നേരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണ്. അക്രമികളെ തടയാതെ പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അക്രമികളെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എം തയ്യാറാകണം. സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.