വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രാഷ്ട്രീയമില്ല ; പൊലീസ് കുറ്റപത്രം തള്ളി ഫൊറന്‍സിക് റിപ്പോർട്ട്

Jaihind News Bureau
Monday, February 22, 2021

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നില്‍ രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ട് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യം എന്ന പൊലീസിന്‍റെ കുറ്റപത്രം തള്ളിയാണ് ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.

രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും രാഷ്ട്രീയ ഗൂഢലോചനയ്ക്ക് തെളിവുകള്‍ ഒന്നും തന്നെയില്ലെന്നും ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നു. കൊലനടത്താൻ എത്തിയവരാണ് വെഞ്ഞാറമ്മൂട്ടിൽ കൊലപാതകത്തിനിരയായത്. കൃത്യം നടത്തുന്നതിനായി ഇവർ ഗൂഢാലോചന നടത്തി. എതിർസംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. രണ്ടു സംഘങ്ങളുടെ കയ്യിലും മാരകായുധങ്ങള്‍ ഉണ്ടായിരുന്നു.

പ്രതിപ്പട്ടികയിലുള്ളവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍ വിളികളിലോ സന്ദേശങ്ങളിലോ ഒന്നും തന്നെ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ ഒരു പരാമർശവുമില്ല. ഇവരുടെ ലഭ്യമായ സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. 2020 ഓഗസ്റ്റ് 30 ന് രാത്രിയിലാണ്  ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർ തേമ്പാമൂട് കവലയില്‍ വെച്ച് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ ഇതിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ സിപിഎം വ്യാപക ശ്രമങ്ങളാണ് നടത്തിയത്. സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികളും കരിദിനാചരണവുമെല്ലാം അരങ്ങേറി. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ  അക്രമവും അഴിച്ചുവിട്ടു.  രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഫലമായുണ്ടായ കൊലപാതകത്തെ രാഷ്ട്രീയവത്ക്കരിക്കാനും അതിന്‍റെ മറവില്‍ അക്രമം അഴിച്ചുവിടാനുമുള്ള സിപിഎം ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് പുറത്തുവന്നിരിക്കുന്ന ഫൊറന്‍സിക് റിപ്പോർട്ട്.