‘സജി ചെറിയാന്‍ രാജിവെക്കണം, ഇല്ലെങ്കില്‍ നിയമനടപടി’; വിഷയം മാറ്റാന്‍ ഭരണഘടനയെ തെരഞ്ഞെടുത്തത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, July 5, 2022

തിരുവനന്തപുരം: ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പികളെയും അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ പ്രതിക്ഷം നിയമവഴി തേടും. സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാനും വിഷയം മാറ്റാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഭരണഘടനയെ കൂട്ടുപിടിച്ചത് ഒട്ടും ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

“ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം എന്താണെന്ന് അദ്ദേഹത്തിന് അറിയാമോ? ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പികളെയും മന്ത്രി അപമാനിച്ചിരിക്കുകയാണ്. സജി ചെറിയാന്‍ രാജിവെക്കണം. രാജി വെച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. അതിന് തയാറായില്ലെങ്കില്‍ പ്രതിപക്ഷം നിയമവഴി തേടും” – പ്രതിപക്ഷ നേതാവ് പറഞ്ഞു.