പിണറായി വിജയൻ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു; സിപിഎം മനുഷ്യനെ കൊല്ലാൻ ബോംബ് ഉണ്ടാക്കുന്ന പാർട്ടിയെന്ന് വി.ഡി.സതീശൻ

Jaihind Webdesk
Wednesday, April 17, 2024

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎമ്മിന്‍റെ അന്തകനാണ് പിണറായി വിജയൻ. സ്വന്തം ആളുകളെ സംരക്ഷിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് കണ്ടപ്പോൾ മനപൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് പാനൂരിൽ ബോംബ് ഉണ്ടാക്കിയത്. ബോംബ് നിർമ്മാണത്തിന് മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് ജനസദസ്സ് പാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം ജീവിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബോംബ് നിർമ്മാണം ഈ കാലഘട്ടത്തിൽ നടത്താൻ സിപിഎമ്മിനല്ലാതെ ആർക്കും പറ്റില്ല. സിപിഎം ബോംബ് നിർമ്മിക്കുന്നത് ആർക്ക് നേരെ പ്രയോഗിക്കാനാണ്. ബോംബ് പൊട്ടിയതിനെ തുടർന്ന് സിപിഎം നേതാക്കൾ പച്ചക്കള്ളം പറയുകയാണ്. മനുഷ്യനെ കൊല്ലാൻ ബോംബ് ഉണ്ടാക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഭരണകൂടത്തിന്‍റെ ഒത്താശയോടെയാണ് ക്രിമിനലുകൾ ബോംബ് നിർമ്മാണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്ത് കൂട്ടുന്നത്. സിപിഎം പ്രകടനപത്രിക ഇറക്കിയത് ഈ തിരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും വലിയ തമാശ. അടുത്ത തിരഞ്ഞെടുപ്പിൽ മരപ്പട്ടി അടയാളത്തിൽ പിണറായി വിജയന് വോട്ട് ചെയ്യുക എന്ന നിലയിലേക്കാണ് സിപിഎം പോകുന്നത്. കേരളത്തിലെ 20 ൽ 20 സീറ്റും യുഡിഎഫ് നേടും. നരേന്ദ്ര മോദിയും പിണറായിയും തമ്മിൽ നല്ല സ്നേഹ ബന്ധമാണ് അണ്ണൻ അവിടെ ഭരിക്കുന്നു തമ്പി ഇവിടെ ഭരിക്കുന്നു. ഇ ഡി കേരളത്തിൽ എവിടെയും ഒന്നും ചെയ്യില്ല. ബിജെപി സിപിഎം ബന്ധം പരസ്യമാണ്. അന്തർധാര ഒന്നുമല്ല. പരസ്യമായ ബന്ധമാണ്. സിപിഎം ആയുധം താഴെ വെക്കണം. ബോംബ് നിർമ്മാണം നിർത്തണം. നല്ല കമ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ യുഡിഎഫ്‌ നേതാക്കൾ ജനസദസ്സിൽ പങ്കെടുത്തു.