വാഗമണ്‍‍ ഓഫ് റോഡ് റേസിംഗ് കേസ്; ജോജു ജോർജ് പിഴ അടച്ചു

Jaihind Webdesk
Monday, May 30, 2022

 

ഇടുക്കി : വാഗമൺ ഓഫ് റോഡ് റേസ് കേസില്‍ നടൻ ജോജു ജോർജ് പിഴ അടച്ചു. മോട്ടോർ വാഹന വകുപ്പ് 5000 രൂപയാണ് പിഴ ഈടാക്കിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റേസിൽ പങ്കെടുത്തതിനും ആണ് പിഴ.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ആർ രമണൻ, ജോജുവിന് നോട്ടീസ് അയച്ചിരുന്നു. റേസ് നിയമ വിരുദ്ധം ആണെന്ന് അറിയില്ലായിരുന്നു എന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ ആണ് ലൈസൻസ് റദ്ദാക്കാതിരുന്നതെന്ന് ഇടുക്കി ആർടിഒ പറഞ്ഞു.

ഇതിനിടെ പരിപാടിയിൽ പങ്കെടുത്ത 12 പേർക്ക് വാഗമൺ പൊലീസ് നോട്ടീസയച്ചു. നാലുപേർ നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ടോണി തോമസിന്‍റെ പരാതിയിലാണ് ജോജു‍ ജോർജ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ജോജു ഓഫ് റോഡ് റേസിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.