തൃക്കാക്കരയില്‍ സഭയെ വലിച്ചിഴച്ചത് സിപിഎം; തെറ്റിദ്ധരിപ്പിക്കാന്‍ സഭാസ്ഥാപനത്തെ ദുരുപയോഗം ചെയ്തു: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, May 7, 2022

 

കൊച്ചി: തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് എവിടെയും പറഞ്ഞിട്ടില്ല. സഭയുടെ സ്ഥാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് സിപിഎമ്മാണ്. തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്ഇതിലൂടെ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന്‍റെ നാടകമാണ്.  സഭയെ വലിച്ചിഴച്ചത് സിപിഎമ്മും മന്ത്രി പി രാജീവുമാണ്. അതിന്‍റെ ആവശ്യമുണ്ടായിരുന്നോയെന്ന് സിപിഎം പരിശോധിക്കട്ടെയെന്നും ഒരു കോൺഗ്രസ് നേതാവ് പോലും സഭാ സ്ഥാനാർത്ഥി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ കേരളത്തിൽ ഭരണ സ്തംഭനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.