സില്‍ക്യാര ടണലില്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; തൊഴിലാളികള്‍ കുടുങ്ങിയിട്ട് 15 ദിവസം

Jaihind Webdesk
Sunday, November 26, 2023


ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാകുമ്പോഴും രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആശങ്ക ഉയര്‍ത്തുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക. ഓഗര്‍ മെഷീന്‍ തകരാറിലായ സാഹചര്യത്തില്‍ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ്‌ന ടത്തുന്നത്.വനമേഖലയില്‍ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.

ഇതിനിടെ, രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് വൈകാതെ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പുറത്ത് പൂര്‍ത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.