ബഹറിനിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ റിച്ചാർഡ് പോംപി സന്ദർശനം നടത്തി

Jaihind News Bureau
Wednesday, August 26, 2020

 

ബഹറിൻ : കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രഥമ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ റിച്ചാർഡ് പോംപിയുമായി കൂടിക്കാഴ്ച നടത്തി . ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം, പങ്കാളിത്തം, വിവിധ തലങ്ങളിൽ ഉള്ള ഏകോപനം എന്നിവ അടിസ്ഥാനമാക്കിയുള്ള ചർച്ച കൂടികാഴ്ചയിൽ നടന്നു .

 

 

യു.എസും ബഹറിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെ പാട്ടി ഇരുവരും ചർച്ച ചെയ്തു . പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും കൂടിക്കാഴ്ച വേദി ആയി. മേഖലയിൽ സ്ഥിരതയും സമാധാനവും കൈവരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളും ചർച്ച ആയി. പലസ്തീൻ ഭൂമി പിടിച്ചെടുക്കുന്നത് തടയാൻ യുണൈറ്റഡ് അറബ് എമിറേറ്റും ഇസ്രായേലും തമ്മിൽ ധാരണയിലെത്താനുള്ള നടപടികളെ കിരീടാവകാശി സ്വാഗതം ചെയ്തു. പലസ്തീൻ-ഇസ്രയേൽ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായി ഇപ്പോൾ മറ്റു രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഭീകരതയെ ചെറുക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഒന്നിച്ചുള്ള സഹകരണവും അവർക്കുള്ള സഹായം എത്തിക്കുന്നവരെ അമർച്ച ചെയ്യുക, മേഖലയിൽ ഇറാന്‍റെ ഇടപെടലുകൾ ഇല്ലാതാക്കുക, തുടങ്ങി കാര്യങ്ങളുടെ ലക്ഷ്യ പ്രാപ്തിക്കുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയെ ആണവായുധങ്ങളിൽ നിന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും ഒഴിവാക്കുന്ന നടപടികൾ സജീവമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കിരീടാവകാശി ചർച്ചയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമപ്രകാരം സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉൽപാദിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും ബഹറിൻ പിന്തുണ നൽകും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹറിന്‍റെ പ്രതിജ്ഞാബദ്ധതയ്ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കിരീടാവകാശിയോട് നന്ദി രേഖപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. അമേരിക്കയും ബഹ്റൈനും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്‍റെ ദീർഘകാലത്തെ ആഴം അദ്ദേഹം രേഖപ്പെടുത്തി.

 

 

ഷെയ്ഖ് നാസർ ബിൻ ഹമദ് അൽഖലീഫ , ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വിദേശകാര്യ മന്ത്രി, ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, ഇറാന്‍റെ യു.എസ് ഉപദേശക പ്രത്യേക പ്രതിനിധിയും, യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിർന്ന നയതന്ത്ര ഉപദേശകനുമായ ബ്രയാൻ ഹുക്കും സഖീർ കൊട്ടാരത്തിൽ വച്ച് കൂടിക്കാഴ്ചയിൽ പങ്കെടുത്തു.