ഗുണ്ടകളുടെ താവളമായി യൂണിവേഴ്സിറ്റി കോളേജ് മാറി ; കേരളം ഭരിക്കുന്നത് ഗുണ്ടകളുടെ ഗവണ്‍മെന്‍റ് : രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

Jaihind News Bureau
Friday, November 29, 2019

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളുടെ താവളമായി യൂണിവേഴ്സിറ്റി കോളേജ് മാറിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു കുത്തുകേസ് നടന്നിട്ടുപോലും അതിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കേരളം ഭരിക്കുന്നത് ഗുണ്ടകളുടെ ഗവണ്‍മെന്‍റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകർ തല്ലിച്ചതച്ചിട്ട് നടപടിയെടുക്കാത്ത പോലീസ് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കെ.എസ്.യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ചിട്ടുപോലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവർത്തകനെ അതിക്രൂരമായി മർദിച്ചിട്ട് പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ച എസ്.എഫ്.ഐ നടപടിക്കെതിരെ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. എം.എം ഹസന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും കെ.എസ്.യു പ്രതിഷേധത്തിന് പിന്തുണയുമായെത്തി.