ഏകീകൃത സിവില്‍ കോഡ്: ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി-സിപിഎം ശ്രമം: വി.ഡി സതീശന്‍

Jaihind Webdesk
Monday, July 3, 2023

 

കണ്ണൂര്‍: ഏകീകൃത സിവില്‍ കോഡില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മും ബിജെപിയും ഒരേ പാതയിലാണെന്നും ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വശത്ത് സിഎഎ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയും മറുവശത്ത് പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്ത സിപിഎം ആ കേസുകള്‍ പിന്‍വലിച്ച ശേഷം വേണം ഏക സിവില്‍ കോഡിനെതിരായ സമരത്തിനിറങ്ങേണ്ടത്. ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ എരിഞ്ഞടങ്ങാന്‍ പോകുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത്:

ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതേ പാതയിലാണ് കേരളത്തിലെ സി.പി.എം നേതൃത്വവും. പ്രശ്‌നമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മീഷന്‍ 2018- ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത്. മുസ്ലീകളെ മാത്രമല്ല ഹിന്ദുക്കള്‍ ഉള്‍പ്പെടെ വിവിധ ജാതികളിലും മതങ്ങളിലുംപെട്ട ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. കരട് ബില്‍ പോലും പുറത്ത് വരുന്നതിന് മുന്‍പെ ഹിന്ദു- മുസ്ലീം പ്രശ്‌നമാക്കി വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആ കെണില്‍ ആരും പെടരുതെന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പി ദേശീയ തലത്തില്‍ എടുത്തിരിക്കുന്ന അതേ തന്ത്രമാണ് കേരളത്തില്‍ സി.പി.എമ്മും സ്വീകരിക്കുന്നത്. ആ തന്ത്രവുമായി ഇങ്ങോട്ട് വരേണ്ട. പ്രക്ഷോഭം എങ്ങനെ നടത്തണമെന്ന് ഈ മാസം പത്തിന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനിക്കും.

സി.എ.എയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നൂറുകണക്കിന് കേസുകളെടുത്ത സി.പി.എമ്മാണ് ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നത്. കേസുകളെല്ലാം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം പല തവണ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒരു വശത്ത് സി.എ.എ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയും മറുവശത്ത് പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്ത സി.പി.എം കേസുകള്‍ പിന്‍വലിച്ച ശേഷം വേണം ഏക സിവില്‍ കോഡിനെതിരായ സമരത്തിനിറങ്ങേണ്ടത്.

ഏക സിവില്‍ കോഡിനെതിരെ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ലീഗും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രക്ഷോഭം സംബന്ധിച്ച് യു.ഡി.എഫ് തീരുമാനമെടുക്കും. സംഘപരിവാര്‍ അജണ്ടയായി നോക്കിക്കാണുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. സുന്നി വിഭാഗങ്ങള്‍ ഒന്നിക്കുന്നെന്ന് കേട്ടപ്പോള്‍ സി.പി.എമ്മിന് പരിഭ്രാന്തിയായി. സി.പി.എമ്മും ബി.ജെ.പിയും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒറ്റയ്ക്കല്ല പ്രക്ഷോഭം തീരുമാനിക്കേണ്ടതെന്ന് സി.പി.എമ്മിന്റെ ക്ഷണത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട്. ഏത് മതവിഭാഗത്തിന് ഉത്കണ്ഠയുണ്ടായാലും അവര്‍ക്കൊപ്പം നീതിപൂര്‍വകമായി നില്‍ക്കുകയെന്നതാണ് കോണ്‍ഗ്രസ് നിലപാട്. സര്‍ക്കാര്‍ നല്‍കിയ ആയുധങ്ങളുമായി ആക്രമണം നടത്തുന്ന തെരുവില്‍ ധീരതയോടെ നടന്ന് ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനും. ക്രൈസ്തവ ദേവാലയങ്ങള്‍ തീവയ്ക്കാന്‍ ഒരു സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഒരു ജനവിഭാഗത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കൊപ്പം നിന്നത് കോണ്‍ഗ്രസ് മാത്രമാണ്.

സി.പി.എമ്മിനൊപ്പമുള്ള ഒരു സമരത്തിനും കോണ്‍ഗ്രസോ യു.ഡി.എഫോ ഉണ്ടാകില്ല. സി.എ.എ, ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ പിന്‍വലിക്കാത്തത് ആരെ സന്തോഷിപ്പിക്കാനാണ്? കേസുകള്‍ റദ്ദാക്കാതെയാണ് വീണ്ടും പ്രക്ഷോഭത്തിന് വിളിക്കുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു പരിപാടിയും കേരളത്തിലുണ്ടാകില്ല. ബി.ജെ.പിയുടെ ബി ടീമാണ് കേരളത്തിലെ സി.പി.എം. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ കേന്ദ്ര ഏജന്‍സികളുടെ കയ്യിലുള്ളത് കൊണ്ട് ബി.ജെ.പിയുമായി ഒത്തുതീര്‍പ്പിലാണ് സി.പി.എം. കെ.സുധാകരനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിച്ച പിണറായി വിജയന്‍ കുഴല്‍പ്പണ കേസില്‍ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയില്ലെ? കാസര്‍കോട്ടെ കേസില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ലല്ലോ? സുരേന്ദ്രനെ രക്ഷിക്കാനും സുധാകരനെ ജയിലില്‍ അടയ്ക്കാനും നോക്കി. സുരേന്ദ്രനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുക, സുധാകരനെ കൊല്ലാന്‍ ആളെ വിടുക. അതാണ് കേരളത്തിലെ സി.പി.എം. അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് പിണറായി ഓര്‍ക്കണം.

അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എമ്മും സര്‍ക്കാരും നടത്തുന്നത്. അതിന്റെ ഭാഗമായാണ് കെ.പി.സി.സി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സി.പി.എം സഹയാത്രികനും പിണറായിയുടെ സന്തതസഹചാരിയുമായിരുന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസില്ല. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന മോന്‍സന്റെ ഡ്രൈവറുടെ മൊഴിയിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. പണം എണ്ണിത്തിട്ടപ്പെടുത്തി കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്റെ ഡിക്കിയി കൊണ്ടു പോയെന്ന് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആളാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ നടത്തിയ ആളും പങ്കാളിയാണ്. എന്നിട്ടും കേസില്ല. ഇത് ഇരട്ട നീതിയാണ്.

ജി.ശക്തിധരന് വിശ്വാസ്യതയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ ആളുമാണെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. കൊലപ്പെടുത്താനുള്ള സി.പി.എം ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 17 വര്‍ഷം മുന്‍പ് പിരിച്ച് വിട്ട ഡ്രൈവറുടെ മൊഴിയിലാണ് സുധാകരനെതിരെ കള്ളക്കേസെടുത്തത്. പക്ഷെ ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തലില്‍ കേസില്ല. അത് സ്വയം എരിഞ്ഞടങ്ങുമെന്നാണ് ഗോവിന്ദന്‍ പറയുന്നത്. സി.പി.എമ്മാണ് എരിഞ്ഞടങ്ങാന്‍ പോകുന്നത്. സുധാകരനെ കൊല്ലാന്‍ കൊലയാളികളെ വിട്ടെന്ന വെളിപ്പെടുത്തലിലും കേസില്ല. പിന്നെ എന്തിനാണ് പൊലീസ്? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മാത്രം കേസെടുക്കാനാണോ പൊലീസ്? മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിലും കേസില്ല. ഇത് ഇരട്ട നീതിയാണ്. ഇത് വച്ചുപൊറുപ്പിക്കില്ല.

ബെന്നി ബഹ്നാന്റെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ നിയമപരമായ നടപടിയെടുക്കും. പോക്‌സോ കേസിലെ പെണ്‍കുട്ടി സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത ദേശാഭിമാനി നല്‍കുകയും ഗോവിന്ദന്‍ അത് ഏറ്റുപറഞ്ഞിട്ടും കേസെടുത്തില്ല. അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തവര്‍ എന്തുകൊണ്ടാണ് ദേശാഭിമാനിക്കും ഗോവിന്ദനും എതിരെ കേസെടുക്കാത്തത്. ഇതൊന്നും എരിഞ്ഞടങ്ങില്ല. എല്ലാം ജനങ്ങളുടെ മനസിലുണ്ട്. നാട് കൊള്ളയടിക്കുന്ന കാര്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. മോന്‍സന്‍ മാവുങ്കലിന്റെ ഡ്രൈവറുടെ മൊഴിയില്‍ സുധാകരനെതിരെ കേസെടുക്കാമെങ്കില്‍ ശക്തിധരന്റെ വെളിപ്പെടുത്തലിലും കേസെടുക്കണം. കേരളം മുതല്‍ ടൈം സ്‌ക്വയര്‍ വരെ ബന്ധമുള്ളയാളാണ് പണവുമായി പോയതെന്നാണ് ശക്തിധരന്‍ വെളിപ്പെടുത്തിയത്. അത് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. പിണറായിയുടെ അറിവോടെയാണ് സുധാകരനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ വിട്ടത്. കൃത്യതയോടെയാണ് ഈ രണ്ട് വെളിപ്പെടുത്തലുകളും ശക്തിധരന്‍ നടത്തിയത്. അത് അന്വേഷിച്ചേ മതിയാകൂ.

പുനര്‍ജനിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ വീടികളിലും എത്തിച്ചു. അന്നൊന്നും ആരും ഒരു പരാതിയും പറഞ്ഞില്ല. ഇപ്പോള്‍ രണ്ട് ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. ആ ഏജന്‍സികള്‍ക്ക് മുന്നിലാണ് പുനര്‍ജനി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പട്ടിക കൈമാറേണ്ടത്. അത് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അനൗചിത്യമുണ്ട്. രേഖകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ ശേഷം ഞാന്‍ തന്നെ അത് പുറത്ത് വിടും. നിര്‍മ്മിച്ച വീടുകളുടെ എല്ലാ വിവരങ്ങളും കൈവശമുണ്ട്. അന്വേഷണം നടക്കട്ടെ. 5 തരത്തിലുള്ള അന്വേഷണം നടന്നതാണ്. ഇനിയും പത്ത് അന്വേഷണം വേണമെങ്കിലും നടത്തട്ടെ. ഇഡി അന്വേഷണം കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യം പുറത്ത് വരും. വീടുകള്‍ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയതാണെന്ന് പറയണമെന്ന് സി.പി.എം ആവശ്യപ്പെടുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി. രമ്യമായി ഇക്കാര്യം പരിഹരിക്കും. നാളെയോ മറ്റന്നാളോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവില്‍ ഒരു ജില്ലകളില്‍ പോലും കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കങ്ങളില്ല. ലീഗും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളായി സഹോദര ബന്ധമാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. അതിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല.