അനധികൃത മരംമുറി : അന്വേഷണത്തിന്  എല്ലാ ജില്ലകളിലും പ്രത്യേക ക്രൈംബ്രാഞ്ച് സംഘം

Jaihind Webdesk
Saturday, September 25, 2021

തിരുവനന്തപുരം : അനധികൃത മരംമുറിയിലെ അന്വേഷണത്തിന്  എല്ലാ ജില്ലകളിലും ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്ത് അറിയിച്ചു. 14 ഡിവൈ.എസ്.പിമാരെയും 25 ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.

മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു.കെ.എം, തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി സുദര്‍ശന്‍.കെ.എസ് എന്നിവര്‍ക്കാണ് മേഖലാതലത്തിലെ മേല്‍നോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി വിലയിരുത്തും.

പട്ടയഭൂമികളിലെ മരംമുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളില്‍ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും. പൊതുജനങ്ങളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരംമുറി സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ്.പിമാര്‍ക്ക് നല്‍കാവുന്നതാണ്.