എല്ലാം തെറ്റായ കണ്ണിലൂടെ കാണുന്ന രീതിയാണ് മാറേണ്ടത്’: സിഇടി കോളേജിലെ ബസ് സ്റ്റോപ്പ് സന്ദർശിച്ച് ഉമാ തോമസ്; കുട്ടികള്‍ക്ക് പിന്തുണ

Jaihind Webdesk
Thursday, July 21, 2022

തിരുവനന്തപുരം: സദാചാര വാദികൾ തകർത്ത സിഇടി എൻജിനീയറിംഗ് കോളേജിലെ ബസ് സ്റ്റോപ്പ് ഉമാ തോമസ് എംഎൽഎ സന്ദർശിച്ചു. കെഎസ്‌യു യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ഉമാ തോമസ് എത്തിയത്. സാദാചാരവാദികൾ പൊളിച്ചുമാറ്റിയ ബസ് സ്റ്റോപ്പ് ഇരിപ്പിടത്തിൽ വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉമാ തോമസ് കുട്ടികള്‍ക്ക് പിന്തുണയും സംഭവത്തില്‍ തന്‍റെ പ്രതിഷേധവും അറിയിച്ചു.

“നല്ല മിടുക്കികളും മിടുക്കരു മായ കുട്ടികൾക്ക് അഡ്മിഷൻ കിട്ടുന്ന കോളേജാണ് സിഇടി. പ്രായപൂർത്തിയായ കുട്ടികളും തിരിച്ചറിവാ വരുമാണ് അവർ. ലിംഗ സമത്വത്തെക്കുറിച്ചും ന്യൂട്രാലിറ്റിയെക്കുറിച്ചും എല്ലാം സംസാരിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരം സദാചാര ചിന്തകൾ നിലനിൽക്കുന്നു എന്നത് അപലപനീയമാണ്. ഞാൻ പഠിച്ചത് ഒരു മിക്സഡ് കോളേജിലാണ്. എല്ലാം തെറ്റായ കണ്ണിലൂടെ കാണുന്ന രീതിയാണ് മാറേണ്ടത്. പെൺകുട്ടികൾക്ക് സുരക്ഷിതമായൊരു സാഹചര്യം ഒരുക്കുന്നതിൽ പെൺകുട്ടികളേക്കാൾ മികച്ച ഒരു പങ്ക് ആൺ കുട്ടികൾക്ക് വഹിക്കാനുണ്ട്. മികച്ച സൗഹൃദങ്ങളാണ് കാലാലയ ജീവിതത്തിനെ സുന്ദരമാക്കുന്നത്. സഹപാഠികൾ ഒരുമിച്ച് ഇരിക്കുന്നതിലും സൗഹൃദം പങ്കു വെക്കുന്നതും തെറ്റായി കാണുന്ന ഈ സമീപനം മാറേണ്ടതുണ്ട്” – ഉമാ തോമസ് പറഞ്ഞു.

സിഇടി എൻജിനീയറിംഗ് കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് സന്ദർശനം നടത്തിയ ഉമാ തോമസ് വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ അജ്മൽ, ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ, കെഎസ്‌യു ടെക്നിക്കൽ വിംഗ് കോഡിനേറ്റർ ജസ്‌വിൻ റോയ്, യൂണിറ്റ് പ്രസിഡന്‍റ് ഫലാഹുദ്ദീൻ, അമൃത, ദേവപ്രിയ, സെയ്ദാലി, ബോബൻ എന്നിവര്‍ സന്നിഹിതരായിരുന്നു.