പരസ്യ പ്രചാരണത്തിന് ഒരു പകല്‍ കൂടി; പരമാവധി വോട്ടർമാരെ നേരില്‍ കണ്ട് വോട്ടഭ്യർത്ഥിച്ച് ഉമാ തോമസ്

Jaihind Webdesk
Saturday, May 28, 2022

 

തൃക്കാക്കര: ”സമയം ഒരു പാട് വൈകി. എല്ലാവരേയും നേരിൽ കാണാൻ പറ്റിയിട്ടില്ല. കാണാൻ കഴിഞ്ഞവരുമുണ്ട്. എല്ലാവരുടെ അടുത്തും ഓടിയെത്താൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എല്ലാവരും വീട്ടിലെ എല്ലാവരോടും പറയണം. അയൽപക്കങ്ങളിലും പറയണം. സഹായിക്കണം പ്രാർത്ഥിക്കണം” – ചളിക്കവട്ടം ഫ്രൂട്ടോ മാൻസ് കമ്പനിയിൽ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച് എത്തിയ ഉമാ തോമസ് അവർക്ക് ഒരു ചുമതല കൂടി നൽകിയാണ് മടങ്ങിയത്.

 

 

പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചായിരുന്നു ഇന്ന് ഉമാ തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത് വെണ്ണല മണ്ഡലത്തിൽ നിന്നാണ്. ചേവേലി നഗറിലെ ചളിക്കവട്ടം പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥന നടത്തി. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടു തേടുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥി. കടന്നുചെന്ന ഓരോ വീടുകളിലും അവർക്ക് ഉമയോട് പങ്കുവെക്കാൻ ഉണ്ടായിരുന്നത് മൺമറഞ്ഞുപോയ അവരുടെ പ്രിയപ്പെട്ട പി.ടിയുടെ ഓർമകളായിരുന്നു.

 

 

തുടർന്ന് സ്കൈലൈൻ ഫ്ളാറ്റിലെത്തി വോട്ടർമാരുടെ പിന്തുണ തേടി. പിന്നീട് കടവന്ത്ര കുതിച്ചിറ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു. ഓരോ വീടുകളിലും കയറി വോട്ട് അഭ്യർത്ഥിച്ച് പിന്തുണ ഉറപ്പാക്കി. പിന്നീട് തോപ്പിൽ ക്യൂൻമേരി പാരിഷ് ഹാൾ ചർച്ചിലെത്തി അവിടെ ഉണ്ടായിരുന്നവരോട് വോട്ട് തേടി. പിന്നീട് പണ്ടാരച്ചിറ കോളനിയിലും ഇളംകുളം കോർപ്പറേഷൻ കോളനിയിലും വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. പ്രചാരണത്തിന്‍റെ ഭാഗമായി നാലു മണി മുതൽ മണ്ഡലം പദയാത്രകളാണ് സംഘടിപ്പിക്കപ്പെട്ടത്. വിവിധ മണ്ഡലം തലങ്ങളിൽ നടന്ന പദയാത്രകളിൽ സ്ഥാനാർത്ഥിയും പങ്കെടുത്തു.