സർക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ്: മുഖ്യമന്ത്രിയും സ്പീക്കറും രാജിവെക്കണം; സമരം ശക്തമാക്കാനും തീരുമാനം| VIDEO

Jaihind News Bureau
Monday, July 13, 2020

 

തിരുവനന്തപുരം : സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. സ്പീക്കറെ നീക്കണമെന്ന ആവശ്യത്തിൽ പ്രമേയം കൊണ്ടുവരും. ഇതിനായി പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം നടത്തുമെന്നും കണ്‍വീനർ ബെന്നി ബഹനാൻ  എം.പി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം വ്യക്തമായിരിക്കുന്ന സാഹചര്യത്തിലാണ് രാജി ആവശ്യം ഉയർത്തിക്കാട്ടി യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാരുടെയും എം.പിമാരുടെയും ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് ഈ മാസം 23ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ ധർണ നടത്തും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് പ്രതിഷേധ ധർണ. തിരുവനന്തപുരത്തെ ധര്‍ണ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് പി.ജെ ജോസഫും, കോഴിക്കോട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കണ്ണൂരിലെ ധര്‍ണയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും നിർവഹിക്കും.

കേസിലെ പ്രതികൾക്ക് സുരക്ഷാ വലയം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കം അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ തെളിവുകൾ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ശിവശങ്കറിന് സ്പ്രിങ്ക്‌ളറിൽ കൊടുത്ത ഗുഡ് സർട്ടിഫിക്കറ്റ് ഈ വിഷയത്തിലും മുഖ്യമന്തി നല്‍കിയിരിക്കുകയാണെന്നും ബെന്നി ബഹനാന്‍ എം.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ തയാറാകാത്തത് പൊതുസമൂഹത്തിന് മുന്നിൽ സംശയകരമായി നിലനിൽക്കുന്നു. ഡിപ്പാർട്ട്മെന്‍റ് തല അന്വേഷണം പോലും ഉണ്ടായില്ല.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് എങ്ങനെ കേരളം വിട്ടു എന്നത് ഇപ്പോഴും സംശയാസ്പദമാണ്. എൻ.ഐ.എക്ക് 24 മണിക്കൂറിനകം സ്വപ്നയെ പിടികൂടാൻ കഴിഞ്ഞു. വിഷയത്തെ ലഘൂകരിക്കുന്ന സർക്കാർ സമീപനം സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് അപകടകരമായ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് പ്രകടമായതുകൊണ്ടാണ് രാജി ആവശ്യത്തിൽ യു.ഡി.എഫ് ഉറച്ചുനിൽക്കുന്നത്. തുടർസമരങ്ങളുമായി മുന്നോട്ടുപോകും. കൊവിഡ് പ്രൊട്ടോക്കോൾ കൃത്യമായും പാലിച്ചായിരിക്കും സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവും യു.ഡി.എഫും സർക്കാരിനെതിരെ കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. യു.ഡി.എഫ് ആവിഷ്‌കരിക്കുന്ന സമരപരിപാടിയെ കൊവിഡിന്‍റെ പേരിൽ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പരാജയപ്പെട്ടെന്നും ബെന്നി ബഹനാന്‍ എം.പി പറഞ്ഞു.