സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ച് യുഡിഎഫ്

Jaihind News Bureau
Thursday, July 25, 2019

യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും സർക്കാരിന്‍റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും യു.ഡി.എഫ് പ്രവർത്തകർ ഇപ്പോൾ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ച് കൊണ്ടാണ് യു.ഡി.എഫിന്‍റെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധസമരം ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും. ഉച്ചക്ക് ഒരു മണി വരെ ഉപരോധസമരം നീണ്ടു നിൽക്കും.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിനും ക്രമക്കേടുകള്‍ക്കും മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, പി.എസ്.സി പരീക്ഷ തട്ടിപ്പ് സിബിഐ അന്വേഷിക്കുക എന്നിവ പ്രധാന വിഷയങ്ങളായി ഉന്നയിക്കുമ്പോള്‍തന്നെ വർധിച്ചു വരുന്ന വിലകയറ്റം, വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കല്‍, പൊലീസ് അതിക്രമങ്ങള്‍, പ്രവാസികളും വ്യവസായ സംരംഭകരും നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയും ഉപരോധത്തിൽ വിഷയങ്ങളാകും.