സ്പ്രിങ്ക്‌ളർ കമ്പനിയെ ഒഴിവാക്കിയെന്ന സർക്കാർ സത്യവാങ്ങ് മൂലം കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും വിജയമെന്ന് ബെന്നി ബെഹന്നാൻ; മുഴുവൻ ഡാറ്റ ശേഖരണവും സിഡിറ്റിനെ ഏൽപ്പിക്കണമെന്ന് വി.ഡി സതീശൻ

Jaihind News Bureau
Thursday, May 21, 2020

കൊവിഡ് ഡാറ്റ നൽകുന്നതിൽ സ്പ്രിങ്ക്‌ളർ കമ്പനിയെ ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത് കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിയമ പോരാട്ടത്തിന്‍റെ വിജയമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ എംപി. അതേസമയം, നിരവധി ആക്ഷേപങ്ങളും പരിഹാസങ്ങളും സഹിച്ചാണ് സർക്കാറിന്‍റെ ഡാറ്റ കച്ചവടത്തിനെതിരെ പോരാടിയതെന്ന് വി.ഡി സതീശൻ എംഎൽഎ.

കൊവിഡ് രോഗികളുടെ ഡാറ്റകൾ വിൽപ്പന നടത്തുന്നു എന്ന യുഡിഎഫിന്‍റെ ആരോപണം ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഡാറ്റ ഇടപാടിനെ കുറിച്ച് പൊതുസമൂഹത്തോട് സത്യാവസ്ഥ വെളിപ്പെടുത്തിയ കോൺഗ്രസ് നേതാക്കളെ അപഹസിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ എം.പി ആവശ്യപ്പെട്ടു.

കച്ചവട താത്പര്യം നടക്കാത്തത് കൊണ്ട് സ്പ്രിങ്ക്‌ളർ സ്വമേധയ ഒഴിഞ്ഞതെന്നാണ് തന്‍റെ വിശ്വാസമെന്ന് വി.ഡി സതീശൻ എംഎൽഎ വ്യക്തമാക്കി. പാർട്ടി നയത്തിനെതിരെയുള്ള തീരുമാനമാണ് കരാർ. സിപിഎം ഇത് ചർച്ച ചെയ്യണം.

ഡാറ്റ കച്ചവടം നടക്കില്ല എന്ന് തോന്നിയതിനെ തുടർന്നാണ് കമ്പനി ഒഴിവായതെന്നും, മുഴുവൻ ഡാറ്റ ശേഖരണവും സിഡിറ്റിനെ ഏൽപ്പിക്കണമെന്നും വി.ഡി സതീശൻ എംഎൽഎ പറഞ്ഞു.