ബഫർ സോണില്‍ പ്രത്യക്ഷ സമരത്തിന് യുഡിഎഫ്; ഇ.പിക്കെതിരായ ആരോപണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

Jaihind Webdesk
Friday, December 30, 2022

കൊച്ചി: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരായ ആരോപണത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. അതേസമയം ബഫർ സോൺ വിഷയത്തിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനും കൊച്ചിയിൽ ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു.

ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരായ ആരോപണം ഗൗരവമുള്ളതാണ്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ആരോപണമാണ് ഉയർന്നിരിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി നാലിന് പഞ്ചായത്ത് തലത്തിൽ പന്തം കൊളുത്തി പ്രകടനം നടത്താനും പത്തിന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ്ണ നടത്താനും തീരുമാനിച്ചതായി കൊച്ചിയിൽ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം കൺവീനർ എം.എം ഹസൻ അറിയിച്ചു.

ബഫർ സോൺ വിഷയം സുപ്രീം കോടതി വിധി വന്ന് ആറ് മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സർക്കാറിന്‍റേത് ഗുരുതരമായ കൃത്യവിലോപവും മാപ്പർഹിക്കാത്ത കുറ്റവുമാണ്. ബഫർ സോൺ വിഷയങ്ങൾ ബാധിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ജനുവരി 5 മുതൽ കർഷക പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്നും ഇടുക്കി ജില്ലയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ ജൂൺ 13 മുതൽ 23 വരെ കുമളിയിൽ നിന്നും അടിമാലി വരെ കാൽനട ജാഥ നടത്തുമെന്നും എം.എം ഹസൻ പറഞ്ഞു.

റബർ ബോർഡ് നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചും 200 രൂപ റബറിന് വില നൽകി സംഭരണം വേണമെന്നും ആവശ്യപ്പെട്ട് ജനുവരി രണ്ടാം വാരത്തിൽ കോട്ടയം റബർ ബോർഡ് ഓഫീസിലേക്ക് യുഡിഎഫ് ലോംഗ് മാർച്ച് നടത്തും. വിവിധ കർഷക പ്രശ്നങ്ങൾ ഉയർത്തി ജനുവരി അവസാനം കോട്ടയത്ത് കർഷക സമര പ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും എം.എം ഹസന്‍ വ്യക്തമാക്കി.