കൊവിഡ് കൂടി : പിഴ കടുപ്പിച്ച് യുഎഇ ; വിരുന്നുകള്‍ക്ക് വിലക്ക് ; പങ്കെടുത്താല്‍ 5,000 ദിര്‍ഹം, ക്ഷണിച്ചാല്‍ 10,000 പിഴ ; രോഗികളില്‍ 62 ശതമാനം പുരുഷന്‍മാര്‍ ; ദുബായില്‍ ഡിപാര്‍ട്ട്‌മെന്‍റ്  സ്റ്റോറിന് അര ലക്ഷം ദിര്‍ഹം പിഴ

Elvis Chummar
Thursday, September 10, 2020

ദുബായ് : യുഎഇയില്‍ നാലു മാസത്തിനിടയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ,  പിഴകളും ശിക്ഷാ നടപടികളും ഗവര്‍മെന്‍റ് കൂടുതല്‍ കര്‍ശനമാക്കി. ഇതനുസരിച്ച് , ഇനി വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നവര്‍ക്കും എതിരെ പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച മാത്രം 930 പുതിയ കേസുകളും അഞ്ചു മരണവും യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു.  

യുഎഇയില്‍ എത്തിയ 12 ശതമാനം പേര്‍ക്ക് കൊവിഡ്

യുഎഇയില്‍ അഞ്ചു മരണങ്ങളും 930 പുതിയ കൊറോണ വൈറസ് കേസുകളുമാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇതോടെയാണ്, ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ രാജ്യം തീരുമാനിച്ചത്.  കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പുതിയ രോഗികളില്‍ 62 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 12 ശതമാനം പേര്‍ അടുത്തിടെ യുഎഇയില്‍ എത്തിയവരാണ്. ഇവരെല്ലാം തങ്ങളുടെ രാജ്യത്ത് നടത്തിയ പരിശോധനയില്‍, കൊവിഡ് നെഗറ്റീവ് ആയവരാണ്. ഇതേക്കുറിച്ചും അധികൃതര്‍ അന്വേഷണം തുടങ്ങി.  രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 76,911 ആയി കൂടി. ആകെ മരണ സംഖ്യ 398 ആയി വര്‍ധിച്ചു.

വിവാഹ വിരുന്ന് : വരനും വധുവിനും എതിരെ കേസ്

അതേസമയം, സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച്, യുഎഇയില്‍ വിവാഹ വിരുന്നുകള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെ, അബുദാബി പൊലീസ് നടപടി ശക്തമാക്കി. ഇതിന്‍റെ ഭാഗമായി വിവാഹ വിരുന്ന് സംഘടിപ്പിച്ച വരന്‍റെയും വധുവിന്‍റെയും പേരിലും ഇരുവരുടെയും പിതാക്കന്‍മാരുടെ പേരിലും പൊലീസ് കേസെടുത്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാ അതിഥികള്‍ക്ക് എതിരെയും നിയമനടപടി സ്വീകരിച്ചു. ഇത്തരത്തില്‍, സാമൂഹിക അകലം പാലിക്കാതെ, വിരുന്നുകളില്‍ പങ്കെടുത്തതും , രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ഇപ്രകാരം ആഘോഷങ്ങള്‍ക്ക് ക്ഷണിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം പിഴ ( അതായത്, ഏകദേശം രണ്ടുലക്ഷം രൂപ ) ചുമത്തും. വിരുന്നില്‍ പങ്കെടുക്കുന്ന ഒരു വ്യക്തിക്ക് അയ്യായിരം ദിര്‍ഹം ( ഏകദേശം ഒരുലക്ഷം രൂപ ) പിഴയും ചുമത്തും.

കുടുംബസംഗമങ്ങള്‍ ഒഴിവാക്കണമെന്ന് പോലീസ്

ദുബായില്‍ നിയമം ലംഘിച്ച  ഡിപാര്‍ട്‌മെന്റ് സ്റ്റോറിന് അരലക്ഷം ദിര്‍ഹം ( ഏകദേശം പത്തുലക്ഷം രൂപ ) പിഴ ചുമത്തി. അതിനാല്‍ , കൊവിഡ് വിരുദ്ധ നടപടികള്‍ പാലിക്കുമ്പോള്‍ തന്നെ സാമൂഹിക അകലം പാലിക്കണമെന്നും കുടുംബസംഗമങ്ങള്‍ ഒഴിവാക്കണമെന്നും പോലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചു. മുന്നറിയിപ്പുകള്‍ കണ്ടാല്‍, ടോള്‍ ഫ്രീ നമ്പറായ 8002626 എന്ന നമ്പറിലേക്ക് വിളിക്കുകയോ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കുകയോ അല്ലെങ്കില്‍ എല്ലാ അംഗങ്ങളുടെയും സുരക്ഷയ്ക്കായി Aman@adpolice.gov.ae എന്നതിലേക്ക് ഇ-മെയില്‍ ചെയ്യുകയോ ചെയ്യണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

teevandi enkile ennodu para