താമസ വീസക്കാര്‍ക്ക് പുറമേ ഇനി സന്ദര്‍ശക-ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാര്‍ക്കും യുഎഇയിലേയ്ക്ക് വരാം : ആയിരങ്ങള്‍ക്ക് ആശ്വാസം ; ഐ സി എയുടെ മുന്‍കൂര്‍ അനുമതിയും ഇനി ആവശ്യമില്ല

Jaihind News Bureau
Tuesday, August 11, 2020


ദുബായ് : യുഎഇ സന്ദര്‍ശക-ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാര്‍ക്ക്, ഇനി യുഎഇയിലേക്ക് വരാമെന്ന നിയമം, ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. അതേസമയം, അബുദാബി എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്ക് , യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്ന എന്ന നിയമം, എടുത്തുകളഞ്ഞതും, മറ്റൊരു ആശ്വാസ വാര്‍ത്തയായി.

ഇന്ത്യക്കാരായ ആര്‍ക്കും ഇനി യുഎഇയിലേയ്ക്ക് വരാം. നേരത്തെ, യുഎഇ താമസ വീസയുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. ഇനി യുഎഇ സന്ദര്‍ശക- ടൂറിസ്റ്റ് വീസയുള്ള ഇന്ത്യക്കാര്‍ക്കും മടങ്ങിയെത്താനാകും. ഇതുസംബന്ധിച്ച് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്തതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു. യുഎഇയിലേയ്ക്ക് വരാനായി കേരളത്തിലേത് അടക്കം വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരെ, അധികൃതര്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ വിലക്ക് നീക്കിയത് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ആശ്വാസരമാകും.

സന്ദര്‍ശക-ടൂറിസ്റ്റ് വീസക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, സന്ദര്‍ശക വീസയില്‍ ജോലി അന്വേഷിച്ച് വരുന്നവരെ നിയന്ത്രിക്കാനാണ് അധികൃതര്‍ ഏറെ നാളായി ഇത്തര വീസകള്‍ തടഞ്ഞുവെച്ചത്. നേരത്തെ, സന്ദര്‍ശക വീസകളില്‍ എത്തിയ, നൂറുകണക്കിന് ഇന്ത്യക്കാര്‍ യുഎഇയില്‍ കൊവിഡ് മൂലം ദുരിതത്തിലായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് നിലപാട് കര്‍ശനമാക്കിയത്. ഇന്ത്യയില്‍ നിന്നടക്കം യുഎഇയിലേയ്ക്ക് ഭൂരിഭാഗം ആളുകളും സന്ദര്‍ശക വീസയിലെത്തുന്നത് ജോലി തേടിയാണ്.

ഇതിനിടെ, ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ള, യുഎഇ വീസക്കാര്‍ക്ക് അബുദാബിയില്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് 11 മുതല്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം റദ്ദാക്കി. ഫെഡറല്‍ ഐഡന്റിറ്റി അതോറിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് എന്ന ഐ സി എ ആണ് ഈ അനുമതി വേണ്ടെന്നുവെച്ചത്. ഇതുപ്രകാരം,  കാലാവധിയുള്ള വീസകാര്‍ക്ക്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അബുദാബി, അല്‍ഐന്‍ വിമാനത്താവളങ്ങളില്‍ വന്നിറങ്ങാനാകും.