മൂന്നു മാസമായി തുടരുന്ന രാത്രികാല യാത്രാ നിയന്ത്രണം യുഎഇ പിന്‍വലിച്ചു: അണുനശീകരണ യജ്ഞം അവസാനിച്ചു; ഇനി ഏത് സമയത്തും പുറത്തിറങ്ങാം , വ്യക്തിഗത മുന്‍കരുതലുകള്‍ പാലിക്കണം

Jaihind News Bureau
Thursday, June 25, 2020

 

ദുബായ് : കോവിഡിനെ പ്രതിരോധിക്കാന്‍ യു എ ഇയില്‍ മൂന്ന് മാസത്തോളമായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ, രാത്രികാല സമയത്തെ യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. ഇനി ആര്‍ക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ട്.

കോവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുന്‍കരുതലുകള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശങ്ങളോടെയാണ്, മാര്‍ച്ച് 26 ന് ആരംഭിച്ച, ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചത്. കൂടാതെ, സാമൂഹിക അകലം പാലിച്ചിരിക്കണം. മാസ്‌ക് ധരിച്ചിരിക്കണം, ഒത്തുചേരലുകള്‍ക്കും, ഗൃഹസന്ദര്‍ശനങ്ങള്‍ക്കും വിലക്ക് തുടരും. കാറില്‍ മൂന്ന് യാത്രക്കാരില്‍ കൂടുതല്‍ പാടില്ല. എന്നാല്‍, ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും ഒരു കാറില്‍ യാത്രചെയ്യാം. കുട്ടികള്‍ക്ക് എല്ലാ എമിറേറ്റുകളിലെയും മാളുകളില്‍ പ്രവേശിക്കാനും അനുമതി നല്‍കി.

അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, പൊതുസ്ഥാപനങ്ങളില്‍ ഇത്തരം നടപടികള്‍ തുടരും. കോവിഡ് നിയന്ത്രണവിധേയമായതോടെ അബുദാബി എക്‌സിബിഷന്‍ സെന്ററില്‍ തുറന്ന ഫീല്‍ഡ് ആശുപത്രി കോവിഡ് മുക്തമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇവിടെത്തെ സംവിധാനങ്ങള്‍ നിലനിര്‍ത്തും. മുസഫയിലെ പരിശോധനാകേന്ദ്രവും പ്രവര്‍ത്തനം അവസാനിപ്പിച്ചു.