വാക്‌സിന്‍ സ്വീകരിക്കാത്ത യുഎഇ സ്വദേശികള്‍ക്ക് രാജ്യത്ത് ഇന്നുമുതല്‍ വിമാനയാത്രാ വിലക്ക്

Elvis Chummar
Monday, January 10, 2022

ദുബായ് : യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ സ്വദേശികളായ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്ന് ( ജനുവരി 10 ) പ്രാബല്യത്തില്‍ വന്നു. ഇതോടെ കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ നിന്നും വിദേശയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

യുഎഇയില്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്‍റ് അതോറിറ്റിയും വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയവും സംയുക്തമായി അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ വാക്‌സിന്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്സിന്‍ എടുക്കുന്നതില്‍ ഇളവുകള്‍ ഉണ്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നതും രാജ്യം ഗൗരവമായി കാണുന്നു. ഇാ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത യുഎഇ പൗരന്മാര്‍ക്ക് ജനുവരി പത്ത് തിങ്കളാഴ്ച മുതല്‍ വിദേശയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.