നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍

Jaihind Webdesk
Monday, July 8, 2019

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം എ.എസ്.ഐ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം ഗസ്റ്റ് ഹൗസിൽ 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എ.എസ്.ഐ റെജിമോനെയും ഡ്രൈവർ നിയാസിനെയും അറസ്റ്റ് ചെയ്തത്. ഇതോടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നടന്ന ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ രണ്ട് ഡ്രൈവർമാരാണ് നിയാസും, സജിമോനും.

രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ എസ്.ഐ സാബുവും സി.പി.ഒ സജിമോൻ ആന്‍റണിയും റിമാന്‍ഡിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നൽകി. ശക്തമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവദിവസം നെടുങ്കണ്ടം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 8 പോലീസുകാരുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുക്കും.[yop_poll id=2]