ലങ്കയില്‍ അട്ടിമറി: രജപക്സെ പ്രധാനമന്ത്രി; വിക്രമസിംഗെ പുറത്ത്

Jaihind Webdesk
Saturday, October 27, 2018

ശ്രീലങ്കൻ രാഷ്ട്രീയത്തിൽ വൻ അട്ടിമറി. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അധികാരത്തിൽ നിന്ന് പുറത്തായി. മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ശ്രീലങ്കയിൽ നാടകീയമായ അട്ടിമറിയിലൂടെയാണ് വെള്ളിയാഴ്ച രാത്രി പ്രസിഡന്‍റ് മൈത്രിപാല സിരിസേനയ്ക്ക് മുന്നിൽ ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവും മുൻ പ്രസിഡന്‍റുമായ രജപക്‌സെ സത്യപ്രതിജ്ഞ ചെയ്തത്. റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയാണ് രജപക്‌സെയെ പ്രസിഡന്‍റ് സിരിസേന പ്രധാനമന്ത്രിയാക്കിയത്. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ.പി)യുമായുള്ള തന്‍റെ പാർട്ടിയുടെ ഭരണസഖ്യം അവസാനിപ്പിച്ചതായി പ്രസിഡന്‍റ് സിരിസേന വ്യക്തമാക്കി.

സിരിസേനയുടെ യു.പി.എഫ്.എയും യു.എൻ.പിയും കൂടിച്ചേരുന്ന ഐക്യ സർക്കാരാണ് പൊളിഞ്ഞത്. യു.പി.എഫ്.എയുടെ തീരുമാനം പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ മഹിന്ദ അമരവീര പാർലമെന്‍റിനെ അറിയിച്ചു. രജപക്‌സെ-സിരിസേന സഖ്യത്തിന് പാർലമെന്‍റിൽ 95 സീറ്റ് മാത്രമേയുള്ളൂ. എന്നാൽ വിക്രമസിംഗെയുടെ യു.എൻ.പിക്ക് 106 സീറ്റുണ്ട്. ഭരണഘടനപ്രകാരം താനാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നും വിക്രമസിംഗെ പ്രതികരിച്ചു. ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രജപക്‌സെയുടെ പാർട്ടി വൻ വിജയം നേടിയിരുന്നു.

ഇതോടെയാണ് യു.എൻ.പി-യു.പി.എഫ്.എ ഭരണസഖ്യത്തിൽ വിള്ളൽ വീണത്. തനിക്കും, മുൻ മന്ത്രിയും മഹിന്ദ രജപക്‌സെയുടെ സഹോദരനുമായ ഗോതബായ രജപക്‌സെക്കുമുള്ള വധഭീഷണി യു.എൻ.പി ഗൗരവത്തിലെടുത്തില്ലെന്ന് പ്രസിഡന്‍റ് സിരിസേന ആരോപിച്ചിരുന്നു.

2015ലാണ് രജപക്‌സെയുടെ ദശാബ്ദം നീണ്ട ഭരണം അവസാനിപ്പിച്ച് യു.എൻ.പിയും യു.പി.എഫ്.എയും സഖ്യസർക്കാരുണ്ടാക്കിയത്. വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്‍റുമായി. ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കാൻ നിലവിലെ ഭരണഘടന പ്രസിഡന്‍റിന് അധികാരം നൽകുന്നില്ല.