കാനഡയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് വിജയം. മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി തുടരും. 343 അംഗ പാര്‍ലമെന്റില്‍ 165 സീറ്റുകള്‍ ലിബറല്‍ പാര്‍ടി നേടി. കേവല ഭൂരിപക്ഷത്തിനുള്ള 172 സീറ്റ്്് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഭരണം ഉറപ്പാക്കാന്‍ ലിബറല്‍ പാര്‍ടിക്ക് ചെറുപാര്‍ടികളുടെ പിന്തുണയുണ്ടാകും എന്നാണ് സൂചന. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിയേര്‍ പോളിയാവര് ആയിരുന്നു മാര്‍ക് കാര്‍ണിയുടെ മുഖ്യഎതിരാളി. 145 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്.
വ്യാപാര രംഗത്ത് കാനഡ-അമേരിക്ക തര്‍ക്കം നിലനില്‍ക്കുമ്പോഴായിരുന്നു മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്. ബാങ്ക് ഓഫ് കാനഡയുടേയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്ന മാര്‍ക്ക് കാര്‍ണി, ജസ്റ്റിന് ട്രൂഡോ രാജി വച്ചതിന് പിന്നാലെയാണ് കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. കാര്‍ണി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ ട്രംപിന്റെ തീരുവ വര്‍ധനകളും ലിബറല്‍ പാര്‍ട്ടിക്ക് വോട്ടായി മാറുകയായിരുന്നു.