ട്രംപ് ഇന്ത്യയുടെ ക്ഷണം നിരസിച്ചത് നയതന്ത്രവീഴ്ച: കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, October 31, 2018

ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങിലേക്കുള്ള ക്ഷണം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചത് നയതന്ത്രതലത്തിലെ വീഴ്ചയെന്ന് കോണ്‍ഗ്രസ്. സംഭവം രാജ്യത്തിന് അപമാനമുണ്ടാക്കിയെന്നും  കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങളിള്‍ പിഴവ് പറ്റിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

യു.എസ് പ്രസിഡന്‍റ് ക്ഷണം സ്വീകരിക്കുമെന്ന് നയതന്ത്രതലത്തില്‍ ഉറപ്പാക്കിയതിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാമായിരുന്നുള്ളൂ. ട്രംപ് ക്ഷണം നിരസിച്ച സാഹചര്യം നയതന്ത്രതലത്തിലെ വലിയ വീഴ്ചയാണെന്നും സംഭവം രാജ്യത്തിനാകെ അപമാനകരമാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ഈ വീഴ്ച ന്യായീകരിക്കാവുന്നതല്ല. ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അഭാവത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രധാനമന്ത്രി മുഖ്യാതിഥിയായി എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.