WOLE SOYINKA| ‘ട്രംപ്, ഈദി അമീന്‍റെ വെള്ളക്കാരനായ പതിപ്പ്’; ട്രംപിനെതിരെ പരാമര്‍ശം നടത്തിയ നൊബേല്‍ ജേതാവിന്‍റെ വീസ റദ്ദാക്കി യുഎസ്

Jaihind News Bureau
Thursday, October 30, 2025

ലോകപ്രശസ്ത നൈജീരിയന്‍ സാഹിത്യകാരനും 1986-ലെ സാഹിത്യ നോബേല്‍ സമ്മാന ജേതാവുമായ വൊളെയ് സോയിങ്കയുടെ യു.എസ്. വീസ റദ്ദാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മോശം പരാമര്‍ശം നടത്തിയതാണ് 91 വയസ്സുകാരനായ അദ്ദേഹത്തിന്റെ വീസ റദ്ദാക്കിയ നടപടിക്ക് കാരണമെന്ന് സോയിങ്ക കരുതുന്നു. ‘യുഗാണ്ടയിലെ മുന്‍ ഏകാധിപതിയായ ഈദി അമീന്റെ വെള്ളക്കാരനായ പതിപ്പ്’ എന്ന് വിശേഷിപ്പിച്ച് സോയിങ്ക അടുത്തിടെ പരാമര്‍ശം നടത്തിയിരുന്നു.

നേരത്തെ, സോയിങ്കക്ക് യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍, ട്രംപ് ആദ്യമായി പ്രസിഡന്റായി അധികാരമേറ്റ 2017-ല്‍, പ്രതിഷേധ സൂചകമായി അദ്ദേഹം ആ ഗ്രീന്‍ കാര്‍ഡ് നശിപ്പിച്ചു. നിലവില്‍ സന്ദര്‍ശന വീസ ആവശ്യമെങ്കില്‍ വീണ്ടും അപേക്ഷിക്കാനാണ് യു.എസ്. അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, യു.എസിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും, വീസ റദ്ദാക്കിയതില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും കോണ്‍സുലേറ്റിന് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും സോയിങ്ക പ്രതികരിച്ചു. ഇനി വീണ്ടും അപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.