തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍

Jaihind Webdesk
Monday, May 6, 2019


തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീം കോടതിയില്‍. പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന് നേരത്തെ എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ അനുമതി നല്‍കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാം എന്നാണ് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്. ആയതിനാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും.

പാരമ്പര്യം കണക്കിലെടുത്ത് വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ദേവസ്വം ഓലപ്പടക്ക മാല, ഗുണ്ട്, കുഴിമിന്നല്‍, അമിട്ട് എന്നിവ പരിശോധനയ്ക്കായി പെസോയുടെ ശിവകാശിയിലെ ലബോറട്ടറിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ ഓലപ്പടക്കം പൊട്ടിക്കുന്നതിനെ പെസോ വിലക്കി. 2018 ഒക്ടോബര്‍ 28ലെ സുപ്രീം കോടതി വിധി പ്രകാരം മാലപ്പടക്കം പൊട്ടിക്കാനാവില്ലെന്നാണ് പെസോ ചീഫ് കണ്‍ട്രോളറുടെ വിശദീകരണം.