തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും; ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പൂരനഗരിയിൽ ശക്തമായ സുരക്ഷ

Jaihind Webdesk
Tuesday, May 7, 2019

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിന് പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിൽ ഉച്ചയോടെ പുരത്തിന്‍റെ കൊടിയേറ്റ് നടക്കും. 13 നാണ് പൂരം.

തിരുവമ്പാടി ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തിൽ രാവിലെ 11.30 നും 12 നും ഇടയിലും പാറമേക്കാവില്‍ തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്‍റെ കാർമ്മികത്വത്തിൽ 12നും 12.30 നും ഇടയിലും കൊടിയേറ്റ ചടങ്ങുകൾ നടക്കും. ശ്രീലങ്കൻ സ്‌ഫോടനത്തിന്‍റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് പൂരനഗരിയിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ പൊലീസിനെ നിയോഗിച്ചും മുൻവർഷത്തേക്കാളേറെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചുമാണ് സുരക്ഷ വർദ്ധിപ്പിക്കുന്നത്.

പൂരം കാണാനെത്തുന്നവർ ഹാൻഡ് ബാഗ്, തോൾ ബാഗ് എന്നിവയുമായി വരുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണിത്. പൊലീസ് സ്‌കാൻ ചെയ്തശേഷം ബാഗുകൾ സൂക്ഷിക്കും. സാധാരണ ബാഗുകളും വലിയ കവറുകളും 11 മുതൽ 14 വരെ സ്വരാജ് റൗണ്ടിലേക്ക് അനുവദിക്കേണ്ട എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം.

വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15 നും 11.45 നും ഇടയിലാണ് കൊടിയേറ്റം. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ കുട്ടൻ നമ്പൂതിരിപ്പാട്, മേൽശാന്തി പൊഴിച്ചൂർ ദിനേശൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിയ്ക്കും. 12 നും 12.30നും ഇടയിലാണ് പാറമേക്കാവിൽ കൊടിയേറ്റം. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഇവിടെ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.