ഇത്തവണ തൃശൂർ പൂരവും ഒഴിവാക്കേണ്ടി വരും; ഉന്നതതല യോഗം മറ്റന്നാള്‍

Jaihind News Bureau
Tuesday, April 14, 2020

ഇത്തവണത്തെ തൃശൂർ പൂരം ഉപേക്ഷിക്കും എന്നുറപ്പായി. ചടങ്ങ് മാത്രമായി പൂരം നടത്താനാകുമോ എന്നാണ് ഇപ്പോഴത്തെ ആലോചന. മറ്റന്നാൾ നടക്കുന്ന ഉന്നതതല യോഗത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

ലോക്ക് ഡൗൺ നീട്ടിയതോടെ മെയ് 2 ന് നടക്കേണ്ട തൃശൂർ പൂരം പൂർണമായി ഉപേക്ഷിക്കേണ്ടി വരും. പൂരത്തിന്റെ ചടങ്ങുകൾ എങ്ങനെ നടത്താനാകും എന്നാണ് ഇപ്പോൾ തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ ആലോചന. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പലതും ക്ഷേത്രത്തിന് പുറത്ത് വെച്ച് നടക്കുന്നതാണ്. അതുകൊണ്ട് ആളുകൾ എത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൂരച്ചടങ്ങുകൾ പതിവു പോലെ നടത്താനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. സർക്കാരിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന നിലപാടിലാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ.

വ്യാഴാഴ്ച മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ് സുനിൽ കുമാറും ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തും. ചർച്ചക്ക് വിളിച്ചതാണെങ്കിലും പൂരം ഉപേക്ഷിക്കണം എന്ന സർക്കാർ നിലപാട് വ്യക്തമാക്കാനാണ് യോഗം ചേരുന്നത്.