മുത്തലാഖ് ബിൽ ലോക്സഭയെ പ്രക്ഷുബ്ധമാക്കും; പാസാക്കാൻ ഉറച്ച് ബിജെപി; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

Jaihind Webdesk
Wednesday, December 26, 2018

Tripple-Talaq-SC

മുത്തലാഖ് ബില്‍ പാര്‍ലമെന്‍റിന്‍റെ ഈ സമ്മേളനകാലത്തുതന്നെ പാസാക്കാന്‍ ഉറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ബില്‍ ലോക്സഭയില്‍ ചര്‍ച്ചയ്ക്കുവരുന്ന വ്യാഴാഴ്ച്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് നിര്‍ദേശിച്ച്‌ പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പുനല്‍കി.

മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബില്ലിനെ നിശിതമായി എതിർത്ത് കോൺഗ്രസ് എം.പി ശശിതരൂർ പാർലമെന്റിൽ സംസാരിച്ചിരുന്നു.

ബില്ലിനെ എതിര്‍ക്കുമെന്ന് ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായ്ഡു മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ബില്‍ ലോക്സഭ കടക്കുമെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് എളുപ്പമല്ല. നേരത്തെ ലോക്സഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഈ ഒാര്‍ഡിനന്‍സിന് പകരമായുള്ള പുതിയ ബില്ലാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.