അട്ടപ്പാടിയിൽ ആദിവാസി ശിശുമരണം തുടർക്കഥയാകുന്നു; സിപിഎം നേതൃത്വത്തിലുള്ള ആശുപത്രിക്ക് ലാഭമുണ്ടാക്കാന്‍ ട്രൈബൽ ആശുപത്രിയെ ബലിയാടാക്കുന്നുവെന്ന് ആക്ഷേപം

Jaihind News Bureau
Wednesday, September 16, 2020

അട്ടപ്പാടിയിൽ ആദിവാസി ശിശുമരണം തുടർക്കഥയാകുന്നു. ശിശുമരണം വർധിക്കുന്നതിന് പിന്നിൽ അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാണ് ആരോപണം. അതേസമയം സിപിഎം നേതൃത്വത്തിലുള്ള ആശുപത്രിക്ക് ലാഭമുണ്ടാക്കാനായി ട്രൈബൽ ആശുപത്രിയെ ബലിയാടാക്കുന്നുവെന്നും ആക്ഷേപം ഉയരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അട്ടപ്പാടിയിൽ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. തുടർന്ന് അട്ടപ്പാടി മേഖലയിലെ ആദിവാസി സമൂഹത്തിന്‍റെ ഏക ആശ്രയമായി കോട്ടത്തറയിലെ ഈ ട്രൈബൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മാറുകയായിരുന്നു.

ഈ മാസമാണ് ചാളയൂരിലെ വിദ്യ എന്ന യുവതിയുടെ നവജാതശിശു ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് പിന്നാലെ നവജാതശിശു മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവും ശക്തമാണ്. അതേസമയം പൊലീസിനെ ഉപയോഗിച്ച് പൂർണ്ണ ഗർഭിണിയെ ക്രൂരമായി ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഈ വിഷയത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പെരിന്തൽമണ്ണയിലെ സിപിഎം നടത്തുന്ന ഇഎംഎസ് ഹോസ്പിറ്റലിന് ലാഭമുണ്ടാക്കാനായി ഈ ട്രൈബൽ ഹോസ്പിറ്റലിനെ ബലിയാടാക്കുകയാണ് എന്നാണ് തദ്ദേശവാസികൾ പറയുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണവും നടപടികളും ഉണ്ടാകുന്നവരെ ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു.

https://youtu.be/jfEzUzPb21I