മുന്‍ വനം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും മരം മുറിച്ചുകടത്തി; തെളിവുകള്‍ വിജിലന്‍സിന്

Jaihind Webdesk
Monday, September 13, 2021

 

കൊല്ലം : മുട്ടില്‍ മരംമുറിക്ക് സമാനമായ കേസുകൾ മുൻ വനം മന്ത്രി കെ രാജുവിന്‍റെ സ്വന്തം മണ്ഡലത്തിലും നടന്നിരുന്നുവെന്നതിന്‍റെ തെളിവുകൾ വിജിലൻസിന് ലഭിച്ചു. കൊല്ലം ജില്ലയിലെ പുനലൂരിന് സമീപം കുളത്തൂപ്പുഴ വന മേഖലയിൽ നിന്നുമാണ് റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചുകടത്തിയത്. മുട്ടിൽ മരം മുറി കേസന്വേഷണ ഭാഗമായ വിജിലൻസിന്‍റെ പരിശോധനയിൽ ഇത് സംബന്ധിച്ച നിർണായക രേഖകൾ കണ്ടെത്തിയിരിക്കുകയാണിപ്പോൾ.

മുട്ടിൽ മരംമുറി കേസ് വിവാദമായ പശ്ചാത്തലത്തിൽ സമാന സംഭവങ്ങൾ അന്വേഷിക്കാൻ കൊല്ലത്ത് നിയോഗിക്കപ്പെട്ട പൊലീസ് വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് മുൻ വനം മന്ത്രി കെ രാജുവിന്‍റെ മണ്ഡലത്തിലും ഇത്തരം കേസുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം വില്ലേജുകളിൽ നടത്തിയ പരിശോധനയിൽ ഇതുസംബന്ധിച്ച നിർണായക രേഖകൾ വിജിലൻസ് കണ്ടെടുത്തു.

കുളത്തൂപ്പുഴ വില്ലേജില്‍ മാത്രം സമാനമായ രണ്ട് കേസുകൾ കണ്ടെത്തി. ചോഴിയക്കോട് പ്രദേശത്തുനിന്നാണ് റവന്യൂ വകുപ്പിന്‍റെ അനുമതി തേടാതെ തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയത്. വനംവകുപ്പ് അനുമതിയോടെ നടന്ന മരംമുറി വിവാദമായതോടെ കുളത്തൂപ്പുഴ വനം റേഞ്ച് അധികൃതർ പിന്നീട് കേസെടുത്ത് തടിയൂരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. അതേസമയം പട്ടയം ലഭിച്ച ഭൂമിയിൽ ഉടമകള്‍ നട്ടുവളര്‍ത്തി പരിപാലിച്ച മരങ്ങളാണിവയെന്ന വാദമാണ് മരം മുറിക്ക് പിന്നിലുള്ളവർ നിരത്തുന്നത്.

ഇപ്പോൾ വിജിലൻസ് നടത്തിയ കണ്ടെത്തലുകളിൽ വിശദമായ പരിശോധന നടത്തും. ഇതിനുശേഷമേ ക്രമക്കേട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളൂ എന്ന് അന്വേഷണസംഘം വ്യക്തമാക്കി. കൊല്ലം വിജിലന്‍സ് ഇന്‍സ്പെക്ട‍ര്‍ സുധീഷിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.