ഇ മൊബിലിറ്റി പദ്ധതി : ഗതാഗത സെക്രട്ടറിയുടെ വാദങ്ങൾ പൊളിയുന്നു; രേഖകൾ ജയ്ഹിന്ദ് ന്യൂസിന് | VIDEO

Jaihind News Bureau
Friday, July 3, 2020

ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഗതാഗത സെക്രട്ടറിയുടെ വാദങ്ങൾ പൊളിയുന്നു. 2019 ലാണ് ഹെസ് കമ്പനി കേരളത്തിൽ എത്തിയത് എന്ന ഗതാഗത സെക്രട്ടറിയുടെ വാദം പൊളിക്കുന്ന രേഖകൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. അതിനിടെ പദ്ധതി വിവാദമായതിന് പിന്നാലെ ഹെസ്സ് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് കേരളവുമായി ബന്ധപ്പെട്ട വിവരങ്ങൾ നീക്കി. ബസ് നിർമാണ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വെബ് സൈറ്റിൽ നിന്ന് നീക്കിയത്.

ഇ മൊബിലിറ്റി പദ്ധതിക്ക് പിന്നിൽ വൻ അഴിമതി നടന്നു എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ശക്തി പകരുന്ന രേഖകളാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചത്. ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഹെസ്സ് കമ്പനി 2019 ജൂണിലാണ് കേരളത്തിൽ എത്തിയത് എന്നാണ്. 2019 ജൂൺ 10 ന് സ്വിസ് ചലഞ്ച് മാതൃകയിൽ ഇ-ടെണ്ടർ വഴിയാണ് ഹെസ് കമ്പനി കേരളത്തിലേക്ക് വരുന്നതെന്നാണ് ഗതാഗത സെക്രട്ടറി അവകാശപ്പെട്ടത്.

എന്നാൽ 2018 ഡിസംബർ 10 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന ഇലക്ട്രിക് വെഹിക്കിൾ വർക്ഷോപ്പിൽ ഹെസ്സ് കമ്പനി പങ്കെടുത്തതായും, കമ്പനിയുടെ യോഗ്യത സ്വിസ്റ്റസർലാൻഡിലെ ഇന്ത്യൻ എംബസി വഴി അന്വേഷിച്ചതായും കെ ആർ ജ്യോതിലാൽ സാക്ഷ്യപ്പെടുത്തുന്ന രേഖകളാണ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചത്. അതോടൊപ്പം ഹെസ്സ് കോമ്പനിയിൽ നിന്ന് ഒരു സംഘം കെ എസ് ആർ റ്റി സി, കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ്, കെൽട്രോൺ, ഗതാഗത കമ്മീഷൻ, വ്യവസായ വകുപ്പ് സെക്രട്ടറി, ഗതാഗത സെക്രട്ടറി എന്നിവരുമായി ചർച്ചകൾ നടന്നതായും ഗതാഗത സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നു.

ഇലക്ട്രിക് ബസ് നിർമാണത്തിന് ഹെസ്സ് കമ്പനിയെ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്‍റിങ് ഒപ്പിടുന്നതിന് പരിഗണിക്കാവുന്നതാണ് എന്നും ഗതാഗത സെക്രട്ടറി രേഖകളിൽ വ്യക്‌തമാക്കുന്നു. ഹെസ്സ് കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തെ ഗതാഗത സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ കള്ളം എന്ന് തെളിക്കുന്നതാണ് പുതുയ രേഖകൾ. അതിനിടെ ഇ മൊബിലിറ്റി പദ്ധതിയിൽ ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ ഹെസ്സ് കമ്പനി വെബ് സൈറ്റിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്തു. വെബ് സൈറ്റിൽ നിന്ന് കേരളവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കമ്പനി നീക്കിയത്.

teevandi enkile ennodu para