കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: ട്രാന്‍സ്ഫര്‍‌ പോര, സസ്പെന്‍ഡ് ചെയ്യണം; കേസെടുക്കണമെന്നും എം.എം ഹസന്‍

Jaihind Webdesk
Sunday, April 24, 2022

 

തിരുവനന്തപുരം : കെ റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിപിഒ ഷബീറിനെതിരായ ട്രാൻസ്ഫർ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഷബീറിന്‍റേത് ക്രൂരമായ മർദ്ദനം എന്ന് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്. ഷബീറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യണമെന്ന് എം.എം ഹസൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം കരിച്ചാറയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സില്‍വര്‍ലൈന്‍ ഉദ്യോഗസ്ഥരെ തടഞ്ഞ കെ റെയിൽ പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീർ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പിന്നാലെ പുറത്തുവന്നു. സംഭവം വിവാദമായതിന് പിന്നാലെ ഷബീറിനെ കഴിഞ്ഞദിവസം റൂറൽ എ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു.

പ്രതിഷേധിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകനായ ജോയിയെ ബൂട്ടിട്ട് ചവിട്ടിയ ശേഷംക്രൂരമായി മർദിക്കുകയായിരുന്നു. ഷബീറിന്‍റെ പ്രവൃത്തി പോലീസ് ആക്ടിന്റെ ലംഘനമാണെന്നും ട്രാൻസ്ഫർ നടപടി അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ച ഷബീറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹി ജഹാംഗീർ പുരിയിൽ സംഭവിച്ചതാണ് കരിച്ചാറയിലും സംഭവിച്ചത്. ഷബീറിനെതിരെ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്.  നടപടി വൈകിയാൽ നിയമപരമായി മുന്നോട്ട് പോകുമെന്നും എം.എം ഹസൻ വ്യക്തമാക്കി. അതേസമയം എൽഡിഎഫ് കൺവീനർ എംവി ജയരാജന്‍റെ മുസ്‌ലിം ലീഗ് പരാമർശം കൺവീനർ സ്ഥാനം ഏറ്റെടുത്തപ്പോഴുള്ള ആവേശം മാത്രമാണെന്നും ഉണ്ടോണ്ടിരുന്ന നായർക്ക് ഉൾവിളി എന്ന പോലെയാണ് ജയരാജന്‍റെ കാര്യമെന്നും എം എം ഹസൻ പരിഹസിച്ചു.