ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം

Jaihind News Bureau
Friday, March 13, 2020

കൊച്ചി : ടി.പി ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ പിണറായി സർക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ടി.പി കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ അനുവദിക്കപ്പെട്ടു. അതിൽ ഏറ്റവും അധികം പരോൾ ദിവസങ്ങൾ അനുവദിക്കപ്പെട്ടതും കുഞ്ഞനന്തനാണ്.

ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജനുവരി 24 നാണ് ഗൂഢാലോചന കേസിൽ പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്.