അഞ്ചല്‍ പൊലീസിന്‍റെ ക്രൂരത വീണ്ടും; ആത്മഹത്യയുടെ വക്കിലെന്ന് പരാതിക്കാരൻ

Jaihind Webdesk
Tuesday, June 18, 2019

Binukumar-Anchal-Police

എസ്ഐ അപമാനിക്കുന്നുവെന്ന പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍. എസ്.ഐയ്ക്കെതിരായ വാർത്ത നൽകിയതിന് പ്രതികാരമായി മദ്യപിച്ചു എന്നാരോപിച്ചു പോലീസ് പിടികൂടിയ പ്രാദേശിക മാധ്യമ പ്രവർത്തകന്‍റെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി പരാതി. അഞ്ചൽ സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് പരാതി. അപമാനം സഹിക്കാൻ വയ്യാതെ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്ന് പരാതിക്കാരൻ പറയുന്നു

അഞ്ചൽ ഏരൂർ കരിമ്പിൻകോണം സ്വാതിനിലയത്തിൽ ബിനുകുമാറിനെയും കുടുംബത്തെയുമാണ് അഞ്ചൽ എസ്ഐ ആയിരുന്ന സമൂഹ മാധ്യമങ്ങളിൽ കൂടി അപമാനിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞദിവസം വാഹന പരിശോധനിക്കിടെ സുഹൃത്തുമായി യാത്ര പോയിട്ട് വരുന്ന വഴിക്ക് എസ്ഐ ജീപ്പിൽ എത്തി വാഹനത്തിൽ പുറകിൽ ഇരുന്ന ബിനു കുമാറിനെയും സുഹൃത്തിനെയും മദ്യപിച്ചു എന്ന് ആരോപിച്ചു പൊലീസ് ജീപ്പിൽ ബലമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ എസ്ഐ പോലീസ് ജീപ്പിൽ ഇവർ ഇരിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തി. ഈ ദ്യശ്യങ്ങൾ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു.

പ്രൈജു ഏരൂർ സ്റ്റേഷനിലെ എസ്ഐ ആയിരുന്ന സമയത്തു പ്രൈജുവിനെതിരെ ഒരു സ്ത്രീ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപെട്ടു പ്രാദേശിക ചാനലിൽ വാർത്ത നൽകിയതാണ് എസ്ഐക്ക് തന്നോട് വൈരാഗ്യം തോന്നാൻ കാരണമെന്ന് ബിനു പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ പോലീസിന് എതിരെ ബിനുകുമാർ ചീഫ് സെക്രട്ടറിക്കും, കൊട്ടാരക്കര റൂറൽ എസ്പിക്കും പരാതി നൽകിയിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ക്യാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ അഞ്ചൽ പോലിസ് സ്റ്റേഷനിലെ ക്രുരമായി മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.