മരുഭൂമിയില്‍ കാറുകള്‍ ഒത്തുകൂടി ഉല്ലാസവിരുന്ന് ; കൊവിഡ് സുരക്ഷാനിയമം ലംഘിച്ച ടൂര്‍ ഓപ്പറേറ്റര്‍ക്ക് 10 ലക്ഷം രൂപ പിഴ ; പരിശോധന വീണ്ടും ശക്തമാക്കി ദുബായ് | VIDEO

Jaihind News Bureau
Friday, February 12, 2021

ദുബായ് : കൊവിഡ് നിയമങ്ങള്‍ ലംഘിച്ച് ദുബായിലെ മരുഭൂമിയില്‍ ആഘോഷം സംഘടിപ്പിച്ച ടൂര്‍ ഓപ്പറേറ്റര്‍ക്ക് 50,000 ദിര്‍ഹം ( ഏകദേശം പത്തു ലക്ഷം രൂപ ) പിഴ ചുമത്തി. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതെ തുറസായ സ്ഥലത്ത് ഒത്തുചേരല്‍ സംഘടിപ്പിച്ചതിനാണ് ദുബായ് പൊലീസ് ആണ് പിഴ ഈടാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സഹിതം ദുബായ് പൊലീസ് നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്.  കൊവിഡ് -19 നിയമം ലംഘിച്ച് , നിരവധി ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ദുബായിലെ മരുഭൂമിയില്‍ ഒത്തുകൂടുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ശക്തമായ നടപടി സ്വീകരിച്ചത്. നിലവിലെ നിയമം അനുസരിച്ച്, ദുബായില്‍ പത്തുപേര്‍ മാത്രമേ, പരിപാടികളില്‍ പങ്കെടുക്കാനാവൂ. ഇവിടെയാണ് ഇത്രയും വാഹനങ്ങള്‍ അണിനിരത്തി പരിപാടി നടത്തിയത്.

കൊവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുബായ് പൊലീസ് നടത്തുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് ഇത്. ദുബായ് ടൂറിസം വകുപ്പുമായി സഹകരിച്ചാണ്, ഇപ്രകാരം കേസ് എടുത്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം, ഉല്ലാസ ബോട്ട് പാര്‍ട്ടി, ഡെസേര്‍ട്ട് പാര്‍ട്ടി,  സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്തുചേരല്‍ എന്നിവയ്ക്കും സംഘാടകര്‍ക്ക് എതിരെ പിഴ ഈടാക്കിയതായി ദുബായ് പൊലീസ് അറിയിച്ചു.