തിരുവനന്തപുരം: സപ്ലൈകോയിലെ അവശ്യ സാധനങ്ങളുടെ വിലകൂട്ടുന്നതിൽ തീരുമാനമെടുക്കുവാൻ മൂന്നംഗ സമിതി രൂപീകരിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് ഭക്ഷ്യവകുപ്പിന് കൈമാറും. ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സമിതിയെ രൂപീകരിച്ചത്.
ഭക്ഷ്യവകുപ്പ് സെക്രട്ടറി, സപ്ലൈകോ സിഎംഡി, ആസൂത്രണബോർഡ് അംഗം രഘുരാമൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. 25% വിലവർധനമാണ് സപ്ലൈകോ ആവശ്യപ്പെട്ടിരിക്കുന്നത്. സപ്ലൈകോയിൽ വിൽക്കുന്ന 13 അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാൻ എല്‍ഡിഎഫ് യോഗം അനുമതി നൽകിയിരുന്നു.
സപ്ലൈകോയുടെ പ്രവർത്തനത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചും പഠിക്കാനും സമിതിയോട് ഭക്ഷ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരത്തോടെ സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലയിൽ മാറ്റം വരുത്താനാണ് നീക്കം. സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നതാണ് സർക്കാർ തീരുമാനം.